മട്ടാഞ്ചേരി: പലരില്‍നിന്നും പണയംവെക്കാനെത്തുന്ന വ്യാജസ്വര്‍ണം വാങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ പോലീസ് ഒളിച്ചുകളിക്കുന്നതായി ആക്ഷേപം. മട്ടാഞ്ചേരി സ്വദേശിയായ യുവതിയാണ് സ്വര്‍ണം വാങ്ങി ആളുകളെ കബളിപ്പിച്ചത്. തട്ടിപ്പിനിരയാവര്‍ മട്ടാഞ്ചേരി പോലീസിന് നല്കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചെങ്കിലും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നടപടികള്‍ മന്ദീഭവിച്ചിരിക്കുയാണ്.
ഇതിനിടെ യുവതി സ്റ്റേഷനില്‍ കീഴടങ്ങിയതായും ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തതായും പറഞ്ഞുകേട്ടെങ്കിലും പിന്നീട് മാറ്റിപ്പറയുകയായിരുന്നു. യുവതിക്ക് രക്ഷപ്പെടാനുള്ള അവസരം പോലീസ് ഒരുക്കിക്കൊടുത്തതായും ആക്ഷേപമുണ്ട്. തട്ടിപ്പിനിരയായ നിരവധി പേര് പരാതിയുമായി പോലീസ്സ്റ്റേഷനില്‍ എത്തുന്നുണ്ടെങ്കിലും കാര്യമായ അന്വേഷണത്തിന് പോലീസ് മുതിരാത്തതും മാധ്യമപ്രവര്‍ത്തകര്‍ക്ക് തട്ടിപ്പ് സംബന്ധിച്ച് വിവരങ്ങള്‍ നല്കാത്തതുമാണ് സംശത്തിനിടയാക്കിയിരിക്കുന്നത്.
മട്ടാഞ്ചേരി സ്റ്റേഷനില്‍ വരുന്ന പല കേസുകളും ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് ഇടപെട്ട് ഒതുക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ആഡംബരകാര്‍ വാടകക്ക് കൊടുത്ത് പണയപ്പെടുത്തി കോടികള്‍ തട്ടിയ കേസിലെ പ്രതിയെ സ്റ്റേഷന് മൂക്കിന് താഴെയുണ്ടായിട്ടും അറസ്റ്റ് ചെയ്യാതെ ഒളിവില്‍ പോകുവാനുള്ള അവസരം ഈ ഉയര്‍ന്ന ഉദ്യോഗസ്ഥന് ഒരുക്കിക്കൊടുത്തതായും പറയുന്നു. ഒടുവില്‍ മട്ടാഞ്ചേരി സബ്ഡിവിഷന് പരിധിയിലുള്ള കൊച്ചി കോടതിയില്‍ പ്രതി കീഴടങ്ങുകയായിരുന്നു. ഈ കേസന്വേഷണത്തിലും കാര്യമായ പുരോഗതിയില്ലെന്നാണറിവ്. പ്രതി കാര്‍ വാടകക്കെടുത്ത കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനോ ലക്ഷങ്ങള്‍ നല്‍കാനുണ്ടെന്ന് കാണിച്ച് പരാതി നല്‍കിയവരുടെ സാമ്പത്തികസ്രോതസ്സ് സംബന്ധിച്ച് അന്വേഷണം നടത്തുവാനോ പോലീസ് തയ്യാറായിട്ടില്ല. മട്ടാഞ്ചേരി സ്റ്റേഷന് പരിധിയില്‍ ഉണ്ടാകുന്ന പല അടിപിടിക്കേസുകളിലും നടപടിയെടുക്കുന്നതില്‍ വിവേചനം കാണിക്കുന്നുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: