വാഷിംഗ്ടണ്‍: സപ്തംബര്‍ പതിനൊന്നിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ വിചാരണ നടപടികള്‍ ആരംഭിക്കുവാന്‍ അമേരിക്കന്‍ ഭരണകൂടം അനുമതി നല്കി. ഖാലിദ് ഷെയ്ക് മുഹമ്മദ്, വാലിക് മുഹമ്മദ് സാലിഹ് മുബാറക് ബിന്‍ അറ്റാഹ്, റാഖ്സി ബിനാര്ഷിബ്, അലി അബ്ദുള്‍ അസീസ് അലി, മുസ്തഫാ അഹമ്മദ് ആദം അല്‍ ഹാവ്സാവി എന്നിവര്‍ക്കെതിരെയുള്ള വിചാരണാ നടപടികള്‍ക്കാണ് അമേരിക്ക അനുമതി നല്‍കിയിരിക്കുന്നത്. തീവ്രവാദം, ഗൂഢാലോചന, പൊതുമുതല്‍ നശിപ്പിക്കല്‍, യുദ്ധം, നിയമങ്ങളുടെ ലംഘനം നടത്തുക, പൗരന്മാരെ ആക്രമിക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സൈനിക കോടതിയിലായിരിക്കും വിചാരണ നടപടികള്‍ നടത്തുകയെന്നും യുഎസ് പ്രതിരോധ വിഭാഗം വ്യക്തമാക്കി. സപ്തംബര്‍ 11 ലെ ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇവര്‍ക്കാണെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. പതിനൊന്നിലെ ആക്രമണത്തില്‍ 2,976 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഖാലിദ് ഷെയ്ക് മുഹമ്മദിനെ 2003 ല്‍ പാക്കിസ്ഥാനില്‍നിന്നുമാണ് പിടികൂടുന്നത്. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദി താനാണെന്നും ഇയാള്‍ സമ്മതിച്ചിരുന്നു. യുഎസ് സൈനിക കോടതിയിലേക്ക് ഇവരുടെ വിചാരണ നടപടികള്‍ മാറ്റണമെന്ന് നേരത്തെതന്നെ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയിരുന്നു. യുഎസ് സിവിലിയന്‍ കോടതിയില്‍ ഇവരുടെ വിചാരണ മാറ്റുന്നതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: