വാഷിംഗ്ടണ്‍: ലഷ്ക്കറെ തൊയ്ബ നേതാവ് ഹഫീസ് സയിദിന്റെ തലക്ക് 10 മില്ല്യണ്‍ യുഎസ് ഡോളര്‍ പ്രഖ്യാപിച്ചത് സയിദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുവേണ്ടിയാണെന്ന് അമേരിക്ക. മുംബൈയില്‍ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്ന് വിശ്വസിക്കുന്ന സയിദ് അമേരിക്കന്‍ പ്രസ്താവനക്കെതിരെ പാക്കിസ്ഥാനില്‍ ഒരു പത്രസമ്മേളനത്തില്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. അതിനുശേഷമാണ് അമേരിക്കന്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ഇസ്രയേല്‍ അമേരിക്കന്‍ പൗരന്മാര് ഉള്‍പ്പെടെ 166പേര് കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രണം ലഷ്ക്കറെ തൊയ്ബയാണ് നടത്തിയത്. യുഎസ് വിദേശകാര്യ വക്താവ് മാര്‍ക്ക് ടോണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് നിര്‍ഭാഗ്യവശാല്‍ അയാള്‍ ഇപ്പോഴും സ്വതന്ത്രനാണ്, പക്ഷെ തുറുങ്കലിടക്കാന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ്. അമേരിക്ക പ്രതിഫല തുക നിശ്ചയിച്ചത് സയിദിനെ പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല. സയിദ് പാക്കിസ്ഥാനിലുണ്ടെന്നത് രഹസ്യമല്ല. അമേരിക്കയിലോ പുറത്തോ സയിദിനെ നിയമനടപടിക്ക് വിധേയനാക്കുക മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. സയിദ് എവിടെയാണുള്ളതെന്ന് എല്ലാവര്ക്കും അറിയാം. പാക്കിസ്ഥാനിലുള്ള എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും പാക് അധികൃതര്‍ക്കും അയാളെ എങ്ങനെ കണ്ടെത്താമെന്ന് അറിയാം. സയിദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന വിവരങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും മാര്‍ക് ടോണ്‍ പറഞ്ഞു.
അമേരിക്ക മറ്റ് സര്‍ക്കാരുകളോട് ഒരു സമ്മര്‍ദവും ചെലുത്തില്ല. പക്ഷെ സയിദിനെതിരെ നിയമനടപടികള്‍ എടുക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ പാക്കിസ്ഥാന് ചെയ്യണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ടോണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റാവല്‍പിണ്ടിയില്‍ പാക് സേനാ ആസ്ഥാനത്തിന് സമീപത്തുള്ള ഒരു ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ സയിദ് പറഞ്ഞത് അമേരിക്കക്ക് എപ്പോള്‍ വേണമെങ്കിലും താനുമായി ബന്ധപ്പെടാമെന്നാണ്. ഏത് അമേരിക്കന്‍ കോടതിയിലും ഹാജരാകാന്‍ താന്‍ തയ്യാറാണെന്നും അതല്ല അവര്‍ എവിടെയാണോ തനിക്കെതിരെ തെളിവ് നല്‍കുന്നത് അവിടെ ഹാജരാകാമെന്നും സയിദ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം പാക്കിസ്ഥാന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒസാമ ബിന്‍ലാദനെ പാക്കിസ്ഥാനില്‍ വച്ച് വധിച്ചതുമുതല്‍ പാക്-അമേരിക്ക ബന്ധം ഹൃദ്യമല്ല. ഹഫീസ്-സയിദിന്റെ കാര്യത്തില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം ശക്തമായി വരികയാണ്. അതിന്റെ ഭാഗമായാണ് യുഎസ് അധികൃതര്‍ പ്രതിഫലത്തുക നിശ്ചയിച്ചത്. എന്നാല്‍ ശക്തമായ തെളിവുകള്‍ നല്കിയാല് മാത്രമേ നടപടിയെടുക്കൂ എന്നാണ് പാക് അധികൃതരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: