പെരുമ്പാവൂര്‍: മുപ്പത്തിയൊന്നാം നൂറ്റാണ്ടിലും ഗുരുദേവ ദര്‍ശനങ്ങള്‍ പ്രസക്തിയുണ്ടാകുമെന്നും സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടറും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. എന്‍.ഗോപാലകൃഷ്ണന് പറഞ്ഞു. കുന്നത്തുനാട് യൂണിയന് സംഘടിപ്പിച്ച ദര്‍ശനോത്സവത്തിന്റെ മൂന്നാം ദിനത്തിലെ ക്ലാസുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും സംഘടിച്ച് ശക്തരാകുവാനും കൃഷിയും വാണിജ്യവും വ്യവസായവും ചെയ്ത് സമൂഹത്തിന്റെ മുഖ്യധാരയിലെത്താന്‍ ആഹ്വാനം ചെയ്യുകയും എല്ലാവര്ക്കും പകര്‍ത്തുവാനും പഠിക്കുവാനും പറ്റിയ നിലയില്‍ ദര്‍ശനങ്ങളെ അവതരിപ്പിക്കുകയും ചെയ്ത മഹാത്മാവാണ് ഗുരുദേവന്.
‘ഗുരുദേവ ദര്‍ശനം കര്‍മപഥത്തില്‍’ എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസെടുത്തു. ‘ശ്രീനാരായണഗുരുവിലെ ഈശ്വരീയ ഭാവം’ എന്ന വിഷയത്തില്‍ സൈഗണ്‍ സ്വാമികളും ‘ബാഹുലേയാഷ്ടകം’ എന്ന ഗുരുകൃതിയെക്കുറിച്ച് ഡോ. കാരുമാത്ര വിജയന് തന്ത്രികളും ‘പ്രയോഗിക ജീവിതം, ഗുരുദേവന്റെ തമിഴ് കൃതികളുടെ വെളിച്ചത്തില്‍’ എന്ന വിഷയത്തില്‍ കേരളാ സര്‍വകലാശാല റിട്ട. പ്രൊഫ. ഡോ. കാഞ്ചനയും ക്ലാസുകള്‍ നയിച്ചു. ചടങ്ങുകളില്‍ യൂണിയന് പ്രസിഡന്റ് കെ.കെ.കര്ണ്ണന്, സെക്രട്ടറി എ.ബി.ജയപ്രകാശ്, വൈസ് പ്രസിഡന്റ് സി.കെ.കൃഷ്ണന്, യോഗം കൗണ്‍സിലര്‍ സജിത് നാരായണന്, ധര്‍മ്മ ചൈതന്യ സ്വാമി, യോഗം ബോര്‍ഡ് മെമ്പര്‍മാരായ ടി.എന്‍.സദാശിവന്, എം.എ.രാജു, ദര്‍ശനോത്സവം യൂണിയന് കോ-ഒാര്‍ഡിനേറ്റര്‍ കെ.എ.പൊന്നു മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ കെ.എന്‍.ഗോപാലകൃഷ്ണന്, യൂത്ത് മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് മനോജ് കപ്രക്കാട്ട്, സെക്രട്ടറി വി.ജി.പ്രതീഷ്, വനിതാസംഘം യൂണിയന് പ്രസിഡന്റ് ലതാ രാജന്, സെക്രട്ടറി ഇന്ദിരാ ശശി, എംപ്ലോയീസ് വെല്‍ഫെയര്‍ ഫോറം പ്രസിഡന്റ് കെ.എം.സജീവ്, മൈക്രോ ഫൈനാന്‍സ് കണ്‍വീനര്‍ നളിനി മോഹന്‍, യൂണിയന് കൗണ്‍സിലര്‍മാരായ സൈജു കിടങ്ങൂര്‍, ടി.എന്‍.സൈജു ഹരിദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: