മൂവാറ്റുപുഴ: ബസ്സില്‍ കയറുന്നതിനിടെ ഡബിള്‍ ബെല്ലടിച്ച് ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് റോഡില്‍ വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. നിര്‍മ്മല കോളേജ് എം സി എ വിദ്യാര്‍ത്ഥിനി ബെന്‍സിക്കാണ് കൈക്ക് പരിക്കേറ്റത്. ഇന്നലെ രാവിലെ 8മണിയോടെ കച്ചേരിത്താഴത്ത് പോലീസ് എയ്ഡ് പോസ്റ്റിന് സമീപമുള്ള ബസ് സ്റ്റോപ്പിലാണ് സംഭവം. കോളേജിലേക്ക് പോകുവാന്‍ മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ സൗപര്‍ണ്ണിക ബസ്സില്‍ കയറുമ്പോള്‍ പോര്‍ട്ടര്‍ ഡബിള്‍ ബല്ലടിക്കുകയും ബസ് മുന്നോട്ട് എടുക്കുകയുമായിരുന്നു. ബസ്സില്‍ നിന്നും കൈവിട്ടുപോയ ബെന്‍സി താഴെ റോഡിലേക്ക് വീഴുകയായിരുന്നു. തലനാരിഴ വ്യത്യാസത്തിലാണ് ശരീരത്തിലൂടെ ബസ് കയറാതെ പോയത്. വിദ്യാര്‍ത്ഥിനി വീണിട്ടും ബസ് നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും യാത്രക്കാരും ചേര്‍ന്ന് ബെന്‍സിയെ പോലീസ് എയ്ഡ് പോസ്റ്റിലെത്തിക്കുകയും പരാതി പറയുകയും ചെയതുവെങ്കിലും ബസ് പിടികൂടുവാനൊ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിക്കുവാനൊ പോലീസ് തയ്യാറായില്ലെന്ന് പറയുന്നു. എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാരുടെ നിസ്സഹകരണത്തില്‍ യാത്രക്കാര്‍ കുപിതരാവുകയും വിദ്യാര്‍ത്ഥികള്‍ സംഘടിക്കുകയും ചെയ്തതോടെ സ്റ്റേഷനില്‍ വിവരമറിയിക്കുകയും വിദ്യാര്‍ത്ഥിനിയെ പോലീസ് ജീപ്പ്പില്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
എന്നാല്‍ അശ്രദ്ധമായി വാഹനം ഓടിക്കുകയും വിദ്യാര്‍ത്ഥിനിക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും പരാതി ലഭിച്ചിട്ടില്ലെന്ന ന്യായീകരണം പറഞ്ഞ് ബസ്സിനെതിരെ നടപടി സ്വീകരിക്കുവാന്‍ പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം മന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്ന് പോകുവാന്‍ സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് കാലടിക്കാരായ യാത്രക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് കാണിച്ച ശുഷ്കാന്തി ജീവഹാനി വരെ സംഭവിക്കുമായിരുന്ന പ്രൈവറ്റ് ബസ്സുകാരുടെ ചെയ്തിക്കെതിരെ സ്വമേധയാ കേസെടുക്കാത്തത് നാട്ടുകാരില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: