നല്ലതുമാത്രം ചെയ്ത് ജീവിക്കാനാകുമോ? ചിലപ്പോള്‍ നാം അറിയാതെ ചീത്തയും ചെയ്തുപോകും. അങ്ങനെ നിലനില്പിനുവേണ്ടി ചെയ്യുന്ന തെറ്റ് പാപമാണെങ്കിലും കടുത്ത ശിക്ഷ ലഭിക്കില്ല. അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുകയും, അത് ആവര്‍ത്തിക്കുകയും ചെയ്യുന്നത് കടുത്ത ശിക്ഷയ്ക്ക് ഇടവരുത്തും. ഭക്ഷണമുണ്ടാക്കുമ്പോള്‍ ചെറിയ ജീവികള്‍ തീയില്‍പ്പെട്ട് ചത്തുപോയേക്കാം. അത് നാം ബോധപൂര്‍വ്വം ചെയ്യുന്നതല്ല. ഭക്ഷണത്തിന്റെ ഒരംശം മറ്റ് ജീവികള്‍ക്ക് നല്കിയാല് ആ പാപം ഇല്ലാതാകുന്നു. എന്നാല്‍ ഭക്ഷണത്തിനുവേണ്ടി ഒരു ജീവിയെ കൊല്ലുന്നതും അത് പാകം ചെയ്യുന്നതും പാപമാണ്. ആരെയും കൊല്ലാന്‍ നമുക്ക് അവകാശമില്ല. അങ്ങനെ ചെയ്താല്‍ അതിന്റെ ഫലം നാം അനുഭവിച്ചേ മതിയാവൂ. കൊല്ലുന്നവനും മാംസം പാകം ചെയ്യുന്നവനും തിന്നുന്നവനും ശിക്ഷ ലഭിക്കും. ആര് തെറ്റ് ചെയ്യുന്നുവെന്ന് നോക്കി പിന്നാലെ നടക്കാന്‍ ഈശ്വരന് ഒരു സ്കൂളിന്റെ ഹെഡ്മാസ്റ്ററല്ല, മറിച്ച് പാപം ചെയ്യുന്നവനെ ശിക്ഷിക്കുന്നത് സൃഷ്ടിനിയമമാണ്, അതാകട്ടെ സ്വാഭാവികവുമാണ്.
ഇന്ന് ആളുകള്‍ക്ക് തീര്‍ത്ഥയാത്രയെക്കുറിച്ച് കടുത്ത അജ്ഞതയുണ്ട്. തീര്‍ത്ഥയാത്രയ്ക്ക് പോയാല്‍ ആ സ്ഥലത്തെക്കുറിച്ചും മറ്റും അറിവുണ്ടാകും. തീര്‍ത്ഥമെന്ന വാക്കിന് യഥാര്‍ത്ഥമായ അര്‍ത്ഥമുണ്ട്. ഇത് മനസ്സിലാക്കാത്തവര്‍ തീര്‍ത്ഥയാത്രകൊണ്ട് മുക്തികിട്ടുമെന്ന് കരുതും.
“സത്യം തീര്‍ത്ഥം, ക്ഷമാ, തീര്ത്ഥാ, തീര്ത്ഥമിന്ദിരയ നിഗ്രഹഃ
ബ്രഹ്മചര്യം പരം തീര്‍ത്ഥം, അഹിംസാതീര്‍ത്ഥമുച്യതേ,
സര്‍വ ഭൂതദയാ, തീര്‍ത്ഥം, തീര്ത്ഥമാര്ജവം, ഏവ ച
തീര്‍ത്ഥാനാമുത്തമം തീര്‍ത്ഥം വിശുദ്ധിര്‍ മനഃസഃപുനഃ”
സത്യം തീര്‍ത്ഥമാകുന്നു. ക്ഷമ തീര്‍ത്ഥമാകുന്നു. ഇന്ദ്രിയങ്ങള്‍ക്കുള്ള അടങ്ങാത്ത ആഗ്രഹം ഇല്ലാതാക്കുന്നത് തീര്‍ത്ഥമാണ്. ബ്രഹ്മചര്യം ഏറ്റവും വലിയ തീര്‍ത്ഥമാണ്. ബ്രഹ്മമെന്നതിന് മഹത്തും വലതും എന്നര്‍ത്ഥമുണ്ട്. മഹത്തും വലിയതുമായ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് തീര്‍ത്ഥമാണ്. അഹിംസ തീര്‍ത്ഥമാണ്. സര്‍വജീവജാലങ്ങളോടും ദയവുകാട്ടുന്നത് തീര്‍ത്ഥമാണ്. കഴിവുണ്ടാക്കിയെടുക്കുന്നത് ആര്‍ജ്ജവമാണ് അതും തീര്‍ത്ഥം തന്നെ. എന്നാല്‍ ഏറ്റവും മഹത്തായ തീര്‍ത്ഥം മനസ്സിന്റെ വിശുദ്ധിയാണ്. ചിലരുടെ വിശ്വാസം ഭൂതം, പ്രേതം, പിശാച്, രക്ഷസ് എന്നിവയിലെല്ലാമാണ്. ഇവയെല്ലാം ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ടെന്നുതന്നെയാണ് ഉത്തരം. പക്ഷേ, ഇന്ന് പ്രചരിക്കുന്ന അന്ധവിശ്വാസത്തിലെ രൂപവും ഭാവവുമല്ല അവയ്ക്കുള്ളതെന്നുമാത്രം. ‘ഭൂതം’ എന്നുപറഞ്ഞാല്‍ കഴിഞ്ഞുപോയതെന്നേ അര്‍ത്ഥമുള്ളൂ. ശവശരീരമാണ് പ്രേതം. ശുചിത്വവും ശുദ്ധവുമല്ലാതെ ശവം അഥവാ മാംസം ഭക്ഷിക്കുന്നവരാണ് പിശാച്. മായാജാലം കൊണ്ടെന്നപോലെ നമ്മെ വന്നാക്രമിക്കുന്ന കൃമികീടങ്ങള്‍, രോഗാണുക്കള്‍ എന്നിവ രക്ഷസ്സാണ്.
ചിലര്‍ക്ക് വിശ്വാസം ബാധ ഉപദ്രവത്തിലാണ്. ഇത് മനസ്സിന്റെ ദൗര്‍ബല്യം മൂലമാണ് സംഭവിക്കുന്നത്. ഈശ്വരവിശ്വാസം യുക്തിപൂര്‍വമായിരിക്കണം. നമുക്ക് മൂന്ന് രീതിയിലാണ് അറിവ് കിട്ടുക. പ്രത്യക്ഷം, അനുമാനം, ആഗമം എന്നിങ്ങനെ. നമുക്ക് കാണാനും കേള്‍ക്കാനും മറ്റുരീതിയിലും മനസ്സിലാക്കാന്‍ കഴിയുന്നതാണ് പ്രത്യക്ഷം. അനുമാനം നിനച്ചറിയുന്നത് ആഗമം. തീ കത്തുമ്പോള്‍ പുകയുണ്ടാകും. ഇത് പ്രത്യക്ഷത്തില്‍ അറിഞ്ഞതാണ്. ഇനി എവിടെയെങ്കിലും പുക കണ്ടാല്‍ അവിടെ തീ ഉണ്ടെന്ന് നമുക്ക് അനുമാനിക്കാം. അറിവുള്ളവര്‍ എഴുതിയതോ, പരമ്പരാഗതമായി കൈമാറിവന്നതോ ആയ അറിവുകള്‍, അതാണ് ആഗമം. ഇവ മൂന്നും ഉപയോഗിച്ച് യുക്തിപൂര്‍വ്വമായ തീരുമാനത്തിലെത്തണം. ഈ മൂന്നില്‍ ഒന്നോ രണ്ടോ എണ്ണമോ എല്ലാമോ അനുകൂലമാകുന്നത് ശരിയായ ധാരണയായിരിക്കും. എങ്കിലും ചിലപ്പോള്‍ ചില മിഥ്യാധാരണകള്‍ ഉണ്ടാകാം. അതായത് വെയിലത്ത് നടക്കുമ്പോള്‍ കുറെ അകലെ ഒരു ജലാശയം ഉണ്ടെന്ന് തോന്നാം. കേവലമായ തോന്നല്‍. സത്യമല്ല, അപ്പോള്‍ ചിന്തിക്കുക, ജലാശയത്തിനരികില്‍ ജലപക്ഷികളെയോ തോണിയോ, മൃഗങ്ങള്‍ നീരാട്ടു നടത്തുന്നതോ ഒക്കെ കാണാം. ഇതൊന്നും തന്നെ ഇല്ലാത്തപക്ഷം അത് തോന്നലാണ് അങ്ങനെ പ്രത്യക്ഷം അനുമാനം എന്നിവയൊന്നും ചേരില്ലെങ്കില്‍ ആഗമം ചേരുമോയെന്ന് നോക്കുക.
ഭൂരിപക്ഷം പേരും അന്ധവിശ്വാസത്തിന് പിറകെപോവുകയാണ്. അവര്‍ കേട്ടുകേള്‍വിയെ വിശ്വസിക്കുന്നു. നാം കാണുകയോ, നേരിട്ടറിയുകയോ ചെയ്യാത്ത ഒരാളിനെപ്പറ്റി മറ്റൊരാള്‍ പറഞ്ഞാല്‍ അത് നാം വിശ്വസിക്കും. അയാള്‍ പറഞ്ഞത് ശരിയോ തെറ്റോ ആകാം. മറ്റൊരാളോടുള്ള ഈര്‍ഷ്യ കൊണ്ട് കള്ളം പറഞ്ഞതായാലും വിശ്വസിക്കും. ഇങ്ങനെ വിശ്വസിക്കരുത്. അടുത്തറിഞ്ഞ് പരീക്ഷിച്ചുവേണം ഉള്‍ക്കൊള്ളാന്‍. ആരെയും കണ്ണടച്ച് വിശ്വസിക്കുകയോ വെറുക്കുകയോ ചെയ്യരുത്. ഇതുപോലെയാണ് ഈശ്വരവിശ്വാസം. വേദങ്ങളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെയോ സഞ്ചരിക്കുക. അതിനുശേഷം അത് കണ്ടെത്താന്‍ ശ്രമിക്കുക.
– ആചാര്യ എം.ആര്.രാജേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: