കോഴിക്കോട്: “ചെങ്കോട്ടയിലും ചെങ്കൊടി പാറും”. 1957 ല്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ ആവേശത്തോടെ സഖാക്കള്‍ മുഴക്കിയ മുദ്രാവാക്യമായിരുന്നു ഇത്. കേരളത്തില്‍ നിന്നും കേന്ദ്ര അധികാരത്തിലേക്ക് അധികദൂരമില്ലെന്നും ചെങ്കോട്ടയില്‍ ചെങ്കൊടി പാറിക്കളിക്കുമെന്നുമായിരുന്നു അന്നത്തെവിപ്ലവ സ്വപ്നങ്ങള്‍. എന്നാല്‍ അറുപത് വര്‍ഷത്തിലധികവും പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ ഭാഗഭാക്കായി വിപ്ലവാദര്ശനം അഴിച്ചുവച്ചിട്ടും പ്രാദേശിക പാര്‍ട്ടികളുടെ വേരോട്ടം പോലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഉണ്ടാക്കാനായിട്ടില്ല എന്നത് ചരിത്രം. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ചെങ്കൊടി താഴ്ന്ന് താഴ്ന്ന് പറക്കുന്നത് കൊണ്ട് തന്നെ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പറ്റിയില്ലെങ്കിലും കോഴിക്കോട് പാര്ട്ടികോണ്ഗ്രസിന്റെഭാഗമായ് ചെങ്കോട്ട പണിത് ചെങ്കൊടിയുയര്ത്താനിരിക്കുകയാണ് സി.പി.എം. ടാഗോര്‍ ഹാളിന്റെ പേര് സുര്‍ജിത് -ജ്യോതിബസു നഗര്‍ എന്നാക്കി മാറ്റിയാണ് സി.പി.എം ആഗ്രഹം നിറവേറ്റുന്നത്. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുഖ്യവേദിയായ ടാഗോര്ഹാളിനു മുന്നിലാണ് കൂറ്റന്വലിപ്പത്തില് സഖാക്കള്‍ ചെങ്കോട്ട ഉയര്‍ത്തിയത്. ചെങ്കോട്ട മാതൃകയില്‍ ഉണ്ടാക്കിയ മതില് പാര്‍ട്ടിയുടെ കോട്ടയ്ക്കുള്ളില്‍ നിന്നും വാര്‍ത്തകള്‍ ചോരാതിരിക്കാനുള്ള മുന്‍കരുതലാണ്. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങളടക്കമുള്ളവര്‍ വാര്‍ത്ത ചോര്‍ത്തുന്നത് പാര്‍ട്ടിക്ക് നാണക്കേടാണെന്ന് സംസ്ഥാന സെക്രട്ടറിക്ക് തന്നെ തുറന്ന് സമ്മതിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി സുരക്ഷ കര്‍ശനമാക്കിയത്. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ ചിപ്പ് വിവാദവും പാര്‍ട്ടിയെ നാണം കെടുത്തിയിരുന്നു.
ബോളിവുഡ് സിനിമകളിലെ കലാസംവിധായകരെ ഉള്‍പ്പെടെ ഉപയോഗിച്ച് രണ്ടാഴ്ചയോളം പണിയെടുത്താണ് ചെങ്കോട്ടകെട്ടിപ്പൊക്കിയത്. ആദ്യ വാതിലിനപ്പുറം റെഡ് വോളണ്ടിയേഴ്സിനു പോലും പ്രവേശനം നിഷേധിക്കുന്ന മറ്റൊരു മതില്. പ്രതിനിധികള്‍ക്കു മാത്രമാണ് ഇവിടെ പ്രവേശനം. ഈ രണ്ട് മതിലിനുമിടയിലാണ് ടാഗോര്‍ ഹാളിന്റെ മതിലുള്ളത്. ഈ വാതിലുകള്‍ തുറക്കാതെ തന്നെ ഭക്ഷണവും മറ്റും ഉള്ളിലെത്തിക്കാന്‍ ചുറ്റുമതില്‍ പൊളിച്ച് മറ്റൊരുപുതിയ കവാടവും ഉണ്ടാക്കിയിട്ടുണ്ട്. മുഴുവന്‍ സമയ റെഡ് വോളന്റിയര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും ടാഗോര്‍ ഹാളും പരിസരവും. പാര്‍ട്ടിയിലെ വിഭാഗീയതയും മറ്റ് പ്രശ്നങ്ങളും ഇരുമ്പുമറയ്ക്കുളില് നിന്ന് ചര്‍ച്ചചെയ്താലും മാധ്യമങ്ങളില്‍ ചോരുന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന മാധ്യമങ്ങള്‍ക്കുമേല്‍ കര്‍ശന നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്താനാണ് പാര്‍ട്ടി തീരുമാനം. ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മളനത്തിലും നേതാക്കളുടെയിടയില്‍ നിന്ന് പോലും വാര്‍ത്ത ചോര്‍ന്നത് പാര്‍ട്ടിയെ ഏറെ ക്ഷീണിപ്പിച്ചിരുന്നു. അതൊഴിവാക്കാനാണ് സുരക്ഷയുടെ കനത്ത മതിലുകള്‍ ഉയരുന്നത്.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: