കോഴിക്കോട് : സിപിഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് പശ്ചിമബംഗാളിലെ സഖാക്കളെത്തുന്നത് സമ്പൂര്‍ണമായ പൊളിച്ചെഴുത്തിന്. പാര്‍ട്ടിയുടെ തകര്‍ന്ന അടിത്തറ വീണ്ടെടുക്കാന്‍ ഇത്തരമൊരു പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കും.
പി.ബി അംഗവും മുതിര്‍ന്ന നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ കോഴിക്കോട് പാര്‍ട്ടി കോണ്ഗ്രസ്സിനെത്തുന്നില്ലെന്നത് നേതൃത്വത്തിലെ പൊളിച്ചെഴുത്തിന്റെ സൂചനകള്കള്ക്ക് ശക്തിപകരുന്നു. പശ്ചിമബംഗാള്‍ സെക്രട്ടറിയും പി.ബി അംഗവുമായ ബിമന്‍ ബോസിന്റെ പരാജയപ്പെട്ട നിലപാടുകളും ഇത്തവണ ചോദ്യം ചെയ്യപ്പെടും. അതേസമയം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അനുകൂലിക്കുന്ന കേരള ഘടകത്തിലെ ഔദ്യോഗികപക്ഷം ബംഗാള്‍ ലോബിയെ സര്‍വശക്തിയുമെടുത്ത് ചെറുക്കും.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കാര്യപരിപാടികളുടെ അജണ്ടയ്ക്ക് ഇന്ന് നടക്കുന്ന കേന്ദ്ര കമ്മറ്റിയോഗത്തില്‍ അന്തിമരൂപം നല്‍കും. ഉച്ചയ്ക്ക് ശേഷം കേളുഎട്ടന്‍ പഠനഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന കേന്ദ്ര കമ്മറ്റിയില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള പി.ബി അംഗങ്ങളും വി.എസ് അച്യുതാനന്ദന് മുതലുള്ള കേന്ദ്ര കമ്മറ്റിയംഗങ്ങളും പങ്കെടുക്കും.
പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ച ചെയ്യുന്ന മൂന്നാമത്തെ പാര്‍ട്ടി കോണ്‍ഗ്രസെന്ന നിലയില്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം തയാറാക്കുന്ന അജണ്ടക്ക് സവിശേഷ പ്രധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്പിക്കുന്നത്. സോവിയറ്റ്-ചൈനീസ് മോഡലുകളില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് ഇന്ത്യന്‍ മാതൃകയെന്ന സ്വപ്നവുമായാണ് സിപിഎം അഖിലേന്ത്യാ നേതൃത്വം കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ്സിനെ സമീപിക്കുന്നത്. ഉറച്ച വേരോട്ടമുണ്ടെന്ന് അവകാശപ്പെടുന്ന പശ്ചിമബംഗാളിലെയും കേരളത്തിലെയും പാര്‍ട്ടി ഏറ്റുവാങ്ങിയ തിരിച്ചടികളില്‍ നിന്നുള്ള മോചനമാര്‍ഗ്ഗമായി ഇന്ത്യന്‍ മോഡല്‍ കമ്മ്യൂണിസത്തെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം. ഇന്ത്യന്‍ സാഹചര്യങ്ങളെപ്പറ്റി കാര്യമായ പഠനം നടത്താതെ ആദ്യ ഘട്ടങ്ങളില്‍ നടത്തിയ സോവിയറ്റ് പരീക്ഷണവും പിന്നീട് സ്വീകരിച്ച ചൈനീസ് മാതൃകയുമെല്ലാം പാര്‍ട്ടിക്ക് പ്രയോജനമായില്ലെന്ന തിരിച്ചറിവിലാണ് പ്രത്യയശാസ്ത്ര പ്രമേയം അവതരിപ്പിക്കുന്നത്.
1992 ല്‍ ചെന്നൈയില്‍ നടന്ന 14-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് ഇതിന് മുമ്പ് പ്രത്യയശാസ്ത്ര പ്രമേയം അംഗീകരിച്ചിരുന്നത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഏറെ കൊട്ടിഘോഷിച്ച സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സിപിഎമ്മില്‍ ഉടലെടുത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയായിരുന്നു 1992 ല്‍ പാര്‍ട്ടി നേരിട്ട പ്രശ്നം.
പ്രത്യയശാസ്ത്രപ്രമേയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് മുമ്പായി രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്, രാഷ്ട്രീയ പ്രമേയം എന്നിവയിന്മേലുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ്സില്‍ നടക്കും. പാര്‍ട്ടിക്കു ഏറെ വേരോട്ടമുള്ള കേരളത്തിലെയും പശ്ചിമ ബംഗാളിലെയും പ്രശ്നങ്ങള്‍ക്കു തന്നെയാണ് രാഷ്ട്രീയസംഘടനാ ചര്‍ച്ചയില്‍ ഏറ്റവുമധികം സമയം മാറ്റിവയ്ക്കേണ്ടിവരികയെന്നുറപ്പാണ്. മറ്റു വിവിധ സാഹചര്യങ്ങള്‍ പറഞ്ഞ് ഇരു സംസ്ഥാനങ്ങളിലെയും നേതൃത്വത്തിന് വിശദീകരണങ്ങള്‍ നല്‍കാമെങ്കിലും പാര്‍ട്ടിയുടെ അടിത്തട്ടുവരെ വ്യാപിച്ചിരിക്കുന്ന പ്രത്യയശാസ്ത്ര വ്യതിചലനവും ആഗോളവല്‍ക്കരണ കാലത്തെ മുതലാളിത്ത സ്വാധീനവുമാണ് പാര്‍ട്ടി ഘടകങ്ങളുടെ അധഃപതനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി പാര്‍ട്ടി ഘടകങ്ങളില്‍ ഉടലെടുത്തിരിക്കുന്ന വിഭാഗീയതകള്‍ ഇനിയും ശമിച്ചിട്ടില്ലെന്നത് പാര്‍ട്ടിയുടെ പിന്നോട്ടുപോക്കിന് കാരണമായിട്ടുണ്ട്. വിഭാഗീയത കുറഞ്ഞെങ്കിലും പൂര്‍ണ്ണമായി അവസാനിച്ചെന്ന് അംഗീകരിക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ പൊളിറ്റ്ബ്യൂറോയില്‍ പോലും ഉടലെടുത്തിരിക്കുന്ന ഭിന്നിപ്പ് അണികളില്‍ ആശങ്കയുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: