മലപ്പുറം: സത്യപ്രതിജ്ഞാ ചടങ്ങിലെ തടസം നീക്കാന്‍ അനൂപ് ജേക്കബ് എംഎല്‍എയും കേരളകോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്മാന് ജോണി നെല്ലൂരും മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ ഹൈദരലി തങ്ങളെ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 10മണിയോടെ പാണക്കാട്ടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അനൂപിന്റെ സത്യപ്രതിജ്ഞ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തില്‍ തട്ടി നീണ്ടുപോകുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അനൂപിന് മന്ത്രിസ്ഥാനം ഉറപ്പുനല്‍കിയെങ്കിലും യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി പ്രഖ്യാപനത്തോടെ സത്യപ്രതിജ്ഞാ ചടങ്ങ് നീണ്ടുപോ കുകയാണ്.
ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും അനൂപിന്റെ സത്യപ്ര തിജ്ഞയും തമ്മില്‍ കൂട്ടികുഴക്കരുതെന്ന് നേരത്തെ ജേക്കബ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലീഗിന്റെ സമ്മര്‍ദ്ദ തന്ത്രം വിജയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും പാണക്കാട് ഹൈദരലി തങ്ങളെ സന്ദര്‍ശിച്ച് നീക്കുപോക്കുകള്‍ക്ക് വഴിതേടിയത്.എന്നാല്‍ അഞ്ചാം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് അണികളില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദം നിലനില്‍ക്കെ നീക്കുപോക്കുകള്‍ക്ക് ലീഗ് തയ്യാറായില്ലെന്നാണ് വിവരം. രാവിലെ 10ന് തുടങ്ങിയ കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കാന്‍ ഇരുവരും തയ്യാറായില്ല. അതേസമയം പിറവത്തെ വന്‍വിജയത്തില്‍ നന്ദി അറിയിക്കാന്‍ വേണ്ടി മാത്രമാണ് പാണക്കാട്ടെത്തിയതെന്നാണ് ജോണി നെല്ലൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ ലീഗിന്റെ അഞ്ചാം മന്ത്രിയും അനൂപിന്റെ സത്യപ്രതിജ്ഞയും ഒരുമിച്ച് ഉണ്ടാകുമെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗ് നിലപാടില്‍ ഉറച്ചു നിന്നാല്‍ സത്യപ്രതിജ്ഞ നീണ്ടുപോകാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: