വാഷിംഗ്ടണ്‍: യുദ്ധകുറ്റങ്ങളുടെ പേരില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെക്കെതിരായ ഹര്‍ജി യുഎസ് കോടതി തള്ളി. രാഷ്ട്രത്തിന്റെ പരമാധികാരി എന്ന നിലയില്‍ നിയമപരിരക്ഷ അനുഭവിക്കുന്നതിനാലാണിത്. യുദ്ധകാലയളവില്‍ തമിഴ്പുലികള്ക്കെതിരെ നടത്തിയ നടപടികള്‍ക്കെതിരെ അമേരിക്കയിലെ എല്‍ടിടിഇ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുള്ള ബ്രൂക്ക് ഫെയ്ന് ആണ് രംഗത്തെത്തിയത്.
നിയമപരിരക്ഷ അനുഭവിക്കുന്നതിനാല്‍ രാജപക്സെക്കെതിരെ കേസെടുക്കുവാന്‍ പറ്റില്ലെന്നും അതിനാല്‍ കേസ് തള്ളുകയാണെന്നും യുഎസ് ജില്ലാ ജഡ്ജ് കൊളീന്‍ കൊല്ലാര്‍ കോട്ലി വ്യക്തമാക്കി. ഭരണ വിഭാഗത്തിന്റെ തീരുമാനത്തില്‍ രണ്ടാമതൊരു തീരുമാനം എടുക്കുക എന്നതല്ല കോടതിയുടെ പദവിയെന്നും രാജ്യത്തിന്റെ വിദേശനയമാണ് രജപക്സെക്ക് അനുകൂലമായ വിധി ഉണ്ടാകാന്‍ കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ഭീകരവാദത്തിനെതിരായ ദീര്‍ഘകാലത്തെ ഏറ്റുമുട്ടല്‍ മനുഷ്യാവകാശലംഘനമാണെന്ന വാദം ലങ്കന്‍ സര്‍ക്കാര്‍ നിരാകരിച്ചിരുന്നു. യുദ്ധകുറ്റങ്ങളുടെ പേരില്‍ ലങ്കക്കെതിരെ കൊണ്ടുവന്ന യുഎന്‍ പ്രമേയം കഴിഞ്ഞ മാസം പാസായിരുന്നു.
ഇതിനിടെ, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപെടുന്നതില് തന്റെ രാജ്യം അഭിമാനം കൊള്ളുന്നുവെന്ന് മഹീന്ദ രാജപക്സെ കൊളംബോയില്‍ പറഞ്ഞു. ബലാല്ഗോഡ പട്ടണത്തില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2500 വര്‍ഷ കാലയളവില്‍ രാജ്യത്തെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിന് ‘ബുദ്ധിസം’ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും രജപക്സെ പറഞ്ഞു. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ചുമതലയാണെന്നും ഇതിനായി രൂപീകരിച്ച പുനരധിവാസ കമ്മീഷന്റെ ലക്ഷ്യം പ്രശ്നപരിഹാരംതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടുത്ത തലമുറയിലേക്ക് എത്തുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കമ്മീഷന് ലങ്കന്‍ സര്‍ക്കാരിന്റേതാണെന്നും മറ്റാര്‍ക്കും ഇത് നടപ്പിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവകാശമില്ലെന്നും മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ ബാഹ്യ ഉപദേശം തനിക്കാവശ്യമില്ലെന്നും രജപക്സെ വ്യക്തമാക്കി. യുദ്ധകുറ്റങ്ങളുടെ പേരില്‍ ലങ്കക്കെതിരായി യുഎന്‍ കൊണ്ടുവന്ന പ്രമേയം മാര്‍ച്ച് 22 ന് പാസായതിനുശേഷം പൊതുവേദിയില്‍ രജപക്സെ നടത്തുന്ന ആദ്യ പ്രതികരണമാണിത്.
കമ്മീഷന്റെ ശുപാര്‍ശകള്‍ തമിഴ് വിഭാഗത്തിന്റെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്ന് യുഎന്‍ പ്രമേയത്തില്‍ ചോദ്യമുന്നയിച്ചിരുന്നു. പ്രമേയം പാസായതിനെത്തുടര്‍ന്ന് ഐക്യരാഷ്ട്രസഭക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ലങ്കയില്‍ അരങ്ങേറിയത്. ലങ്കന്‍ സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് ആരും പഠിപ്പിക്കേണ്ടതില്ലെന്നും നേരത്തെ രജപക്സെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: