കൊച്ചി: എറണാകുളം മാര്‍ക്കറ്റ് കാനാല്‍ റോഡില്‍ നിന്നു പയപ്പിള്ളി റോഡിലേക്കുള്ള കാന്യൂനവീകരണം നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. കാന നിര്‍മാണത്തിനിടെ തകര്‍ന്ന പൈപ്പുലൈന്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. കഴിഞ്ഞ 12 ദിവസമായി പൈപ്പു പൊട്ടി വെള്ളം പാഴാകുകയാണ്. ഇതു സംബന്ധിച്ചു വാട്ടര്‍ അതോറിട്ടിയില്‍ പരാതി നല്‍കിയെങ്കിലും ആരും ഇവിടേക്കു തിരിഞ്ഞു നോക്കിയില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.
ഇന്നലെ രാവിലെ ജെസിബിയുമായി കാന നിര്‍മാണത്തിനു എത്തിയ കോണ്ട്രാക്റ്ററെയും ജോലിക്കാരെയും സമീപവാസികളുടെയും കച്ചവടക്കാരുടെയും നേതൃത്വത്തില്‍ തടയുകയായിരുന്നു.
മാസങ്ങള്‍ക്കു മുന്‍പാണു മാര്‍ക്കറ്റ് കനാല്‍ റോഡിനടുത്തു നിന്നു കാനയുടെ പുനര്‍നിര്‍മാണ ജോലികള്‍ ആരംഭിക്കുന്നത്. ഇതു പൂര്‍ത്തിയായ ശേഷം രണ്ടാഴ്ച്ച മുന്‍പാണു ബേസില്‍ റോഡിലെ ചത്യാത്ത് മില്ലിനു സമീപത്തെ കാന പുനര്‍നിര്‍മാണം തുടങ്ങുന്നത്. ജെസിബി ഉപയോഗിച്ചു റോഡു പൊളിക്കുന്നതിനിടെയാണു കുടിവെള്ള പൈപ്പു ലൈന്‍ പൊട്ടുന്നത്. അന്നു മുതല്‍ വെള്ളം പാഴായിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യം കൗണ്‍സിലര്‍ ലിനോ ജേക്കബിനെ അറിയിച്ചെങ്കിലും ഇതു വരെ നടപടിയൊന്നും എടുത്തിട്ടില്ല. പൊട്ടിയ പൈപ്പിന്റെ മുഖഭാഗത്തു താത്ക്കാലികമായി പ്ലാസ്റ്റിക് കുപ്പികൊണ്ടു അടച്ചുവെച്ചിരിക്കുകയാണ്. പൊട്ടിയ പൈപ്പു നന്നാക്കാതെ കാനനിര്‍മാണം നടത്താന്‍ അനുവദിക്കില്ലെന്നു സമീപവാസികള്‍ പറഞ്ഞു. കാന നവീകരണം ആരംഭിച്ചതോടെ മാര്‍ക്കറ്റു റോഡില്‍ ഗതാഗതപ്രശ്നങ്ങളും വര്‍ധിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: