തിരുവനന്തപുരം: സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള യുഡിഎഫിലെ തര്‍ക്കം മുറുകി. ലീഗിന്റെ അഞ്ചാം മന്ത്രിയും രാജ്യസഭാ സീറ്റ് വിഭജനവുമാണ് തര്‍ക്കത്തിലായത്. അനൂപ് ജേക്കബ്ബിന്റെ മന്ത്രി പദവി തര്ക്കത്തിലല്ലെങ്കിലും സത്യപ്രതിജ്ഞ തര്‍ക്കപരിഹാരം കഴിഞ്ഞു മതിയെന്നാണ് കുറുമുന്നണിയിലായ ലീഗിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും നിലപാട്. ലീഗിന് ഒരു മന്ത്രിയെ കൂടി നല്‍കുന്നതിനെ പൂര്‍ണമായും പിന്തുണച്ച മാണി കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്കില്ല. ജൂലൈയില്‍ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റില്‍ രണ്ടെണ്ണം യുഡിഎഫിന് നേടാനാകും. ലീഗിന് മന്ത്രിസ്ഥാനം നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കോണ്‍ഗ്രസാണ്. അവര്‍ക്ക് അതിന് അല്പസമയം വേണ്ടി വരും. എന്നാല്‍ ഇക്കാര്യത്തില്‍ യുക്തമായ തീരുമാനം കോണ്‍ഗ്രസ് കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും മാണി പറയുന്നു.
പി.ജെ.കുര്യന്റെ ഒഴിവിലേക്കാണ് ഒരു രാജ്യസഭാ സീറ്റ് വരുന്നത്. അതുകൊണ്ട് തന്നെ സീറ്റ് കുര്യന് തന്നെ നല്‍കേണ്ടി വരും. അവശേഷിക്കുന്ന സീറ്റ് മാണിക്ക് നല്കിയാല് അലിയുടെ കാര്യത്തിലെന്ന പോലെ സാമുദായിക സന്തുലനം തെറ്റും. ജൂലൈയില്‍ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് മാണിക്ക് തലവേദനയാകുമെന്നും ഉറപ്പാണ്. രാജ്യസഭാ സീറ്റ് നല്കാന് കോണ്‍ഗ്രസ് വിസമ്മതിക്കുന്ന പക്ഷം ജോസ് കെ.മാണിയെ കേന്ദ്രമന്ത്രിസഭയില്‍ അംഗമാക്കണം എന്ന ആവശ്യമാകും കേരളാ കോണ്‍ഗ്രസ് ഉന്നയിക്കുക. അതേസമയം ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസ്ഥാനം നല്‍കുമ്പോഴുള്ള സാമുദായിക സന്തുലിതാവസ്ഥ തകിടം മറിയുമെന്ന കാര്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടു കൊണ്ട് കെ.മുരളീധരന് എംഎല്‍ല്‍എ രംഗത്തെത്തി. മന്ത്രിസ്ഥാനം നിശ്ചയിക്കുമ്പോള്‍ മത-സാമുദായിക സന്തുലനം പാലിക്കണമെന്ന് മുരളീധരന് പറഞ്ഞു. എംഎല്‍എമാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎല്‍എമാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്ന രീതി യുഡിഎഫില്‍ ഇല്ല. കോണ്‍ഗ്രസിന് 45 എംഎല്‍എമാര്‍ ഉണ്ടായിരുന്നപ്പോഴും മുഖ്യമന്ത്രി ഉള്‍പ്പെടെ 10 മന്ത്രിസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്. എംഎല്‍എമാരുടെ എണ്ണം 60 ആയപ്പോഴും 10 പേര് മാത്രമാണുണ്ടായിരുന്നത്. നിര്‍ഭാഗ്യം കൊണ്ട് ഇത്തവണ അത് എംഎല്‍എമാരുടെ എണ്ണം 38 ആയിപ്പോയെന്നും മുരളി പറഞ്ഞു. അനൂപിന്റെ സത്യപ്രതിജ്ഞ വൈകിക്കുന്നത് പിറവത്തുകാരോടുള്ള വഞ്ചനയാണ്. യുഡിഎഫിനുള്ളില്‍ കുറുമുന്നണിയുണ്ടാകുമെന്നത് ആശാസ്യമായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഈ അവസരം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മുതലെടുക്കാന്‍ പ്രതിപക്ഷവും ശ്രമം ആരംഭിച്ചിട്ടുണ്ട്. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിപദം കേരളത്തിലെ സാമുദായിക സമവാക്യത്തെ ബാധിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന ഇത് മുന്നില്‍ കണ്ടാണ്. ഭരണം നിലനിര്‍ത്താന്‍ യുഡിഎഫിന് ആപ്പകളെയും ഊപ്പകളെയും ഉള്‍പ്പെടുത്തേണ്ട അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം എതിര്‍പ്പുകള്‍ കോണ്‍ഗ്രസില്‍ നിന്നുതന്നെ ഉയര്‍ന്നാലും ഒടുവില്‍ കോണ്‍ഗ്രസ് തന്നെ വിട്ടുവീഴ്ച്ച ചെയ്യേണ്ടിവരുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇക്കാര്യത്തില്‍ പിടിവാശി തുടരുന്നതാണ് കോണ്‍ഗ്രസിനെ ബുദ്ധിമുട്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: