കാസര്‍കോട്: പെര്‍ളയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തലുകള്‍ ജില്ലയിലെ സി.പി.എം കേന്ദ്രങ്ങളെ നടുക്കി. ഇന്ത്യന്‍ ശിക്ഷാനിയമം 302 -ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തില്‍ സി.പി.എം കുമ്പള മുന്‍ ഏരിയാ സെക്രട്ടറിയായിരുന്ന കെ. സുധാകരന് മാസ്റ്ററും കൂട്ടുപ്രതികളായ മറ്റ് ആറുപേരുമാണ് കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി കണ്ടെത്തിയത്. കാസര്‍കോട് ജില്ലയില്‍ സി.ബി.ഐ ഏറ്റെടുത്ത ദുരൂഹമരണവും കൊലപാതകങ്ങളും സംബന്ധിച്ച അന്വേഷണങ്ങള്‍ പലതും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടവയാണ്. ഷഹനാസ് ഹംസ വധക്കേസ് മാത്രമാണ് ഇതിനൊരപവാദം. ഈ കേസ് ഇന്ത്യന്‍ നീതിന്യായ നിര്‍വ്വഹണ ചരിത്രത്തില്‍ സ്ഥാനം നേടിക്കൊണ്ട് കേസിണ്റ്റെ വിചാരണ 18 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പെര്‍ള പ്രദേശത്ത് നേരിയ തോതില്‍ ഉടലെടുത്ത രാഷ്ട്രീയ സംഘര്‍ഷമാണ് ജബ്ബാറിണ്റ്റെ കൊലയില്‍ കലാശിച്ചത്. സ്ഥലത്തെ കോണ്‍ഗ്രസുകാരും സുധാകരന് മാസ്റ്ററുടെ നേതൃത്വത്തിലുള്ള സി.പി.എമ്മുകാരും നിരന്തരം ഉരസലിലായിരുന്നു. അതിനിടയിലാണ് സുധാകരന് മാസ്റ്ററുടെ വീട് യു.ഡി.എഫ് പ്രവര്‍ത്തര്‍ അക്രമിക്കുന്നത്. ഇതിണ്റ്റെ പ്രത്യാഘാതമായിരുന്നു ജബ്ബാറിണ്റ്റെ കൊലയില്‍ കലാശിച്ചത്. ഒരു നേരിയ രാഷ്ട്രീയ സംഘര്‍ഷം ഒരു മനുഷ്യ ജീവന് എടുക്കുന്നതില്‍ എത്തിക്കുന്നതിലേക്ക് പ്രശ്നത്തെ വലിച്ചിഴക്കെണ്ടിയിരുന്നുവോയെന്ന് സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ആത്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ട വിഷയമാണ്. ജില്ലയില്‍ ചീമേനിയിലും, പുത്തിലോട്ടും, പൂതങ്ങാനത്തും, കാഞ്ഞങ്ങാട്ടും, ബന്തടുക്കയിലും മറ്റും ഉടലെടുത്ത നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൊലയില്‍ കലാശിച്ചിട്ടുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ കൊലപാതകമായി കണ്ടെത്തപ്പെട്ട കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് ജില്ലയുടെ ചരിത്രത്തില്‍ ജബ്ബാര്വധക്കേസ് മാത്രമാണ്. ജില്ലയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ സി.ബി.ഐ കോടതിയുടെ ഈ വിധി ഗൗരവമായി എടുത്ത് പാര്‍ട്ടി അറിഞ്ഞോ അറിയാതയോ നടത്തുന്ന ഇത്തരം അറുകൊലകളെ പരസ്യമായി അപലപിക്കാനും അക്രമികളെ ഒറ്റപ്പെടുത്താനും തയ്യാറാകേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: