തിരുവനന്തപുരം : പുല്ലുമേട് ദുരന്തം സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് ജസ്റ്റിസ് ഹരിഹരന്‍നായര്‍ കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ചു. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെയും അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെയും സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വീഴ്ച ദുരന്തത്തിനിടയാക്കിയതായി കമ്മീഷന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പോലീസ്, വനം, റവന്യൂ വകുപ്പുകളുടെ ഭാഗത്തുനിന്നും സാരമായ വീഴ്ചയുണ്ടായി. മകരവിളക്ക് തെളിയാന്‍ അരമണിക്കൂര്‍ വൈകിയതുമൂലം ഇരുട്ടുപരന്നതും ദുരന്തസ്ഥലത്ത് വേണ്ടത്ര വെളിച്ചമില്ലാതിരുന്നതും ആശയവിനിമയത്തിനുള്ള ഉപാധികള്‍ ഇല്ലാതിരുന്നതും ദുരന്തത്തിന് വഴിതെളിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
102 ഭക്തരുടെ മരണത്തിനിടയാക്കി പുല്ലുമേട്ടില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയുള്ള ഉപ്പുപാറയില്‍ ആവശ്യമായ വെളിച്ചമോ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളോ സജ്ജമാക്കിയിരുന്നില്ല. വന്‍ ഭക്തജനങ്ങള്‍ വരുമെന്ന് അറിയാമായിരുന്നിട്ടും വേണ്ടത്ര സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടു. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായില്ല. ഓരോ വകുപ്പുകളുടെയും അധികാരികള്‍ തങ്ങളുടെ വകുപ്പുകളിലുണ്ടായ വീഴ്ചകള്‍ പരിശോധിച്ച് മേല്നടപടിയെടുക്കണം. പോലീസ് സംവിധാനം കാര്യക്ഷമമായിരുന്നില്ല. സംഭവസ്ഥലത്ത് വേണ്ട പോലീസുകാരുണ്ടായിരുന്നില്ല. വാഹനങ്ങളുടെ ക്രമരഹിതമായ, അനിയന്ത്രിതമായ പാര്‍ക്കിംഗ് ദുരന്തത്തിനിടയാക്കിയിട്ടുണ്ട്. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്.
വനം വകുപ്പിന്റെ ഇഡിസി സ്റ്റാളുകള്‍ സ്ഥാപിച്ചിരുന്നത് തമ്മില്‍ വേണ്ടത്ര അകലമുണ്ടായിരുന്നില്ല. ദുരന്തസ്ഥലത്തിന് സമീപം വനം വകുപ്പ് ചങ്ങല സ്ഥാപിച്ചിരുന്നത് വളരെ അശ്രദ്ധയോടെയാണ്. ചങ്ങലയുടെ താക്കോല്‍ സൂക്ഷിക്കേണ്ട ചുമതല വനംവകുപ്പ് ഉദ്യോഗസ്ഥര്ക്കായിരുന്നുവെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ല. ചങ്ങലയുടെ താക്കോല്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇഡിസി സ്റ്റാളുകള്‍ നല്‍കിയിരുന്നത് പലരും മറിച്ചുനല്കിയിട്ടുണ്ട്. ഇഡിസി സ്റ്റാളുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ കിട്ടുന്നതിനുവേണ്ടിയുള്ള നടപടി ക്രമങ്ങള്‍ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം.
സംഭവദിവസം പോലീസുകാരെ വിന്യസിച്ചതുമായി ബന്ധപ്പെട്ട ബന്തവസ്ത് സ്കീമില്‍ ഉള്‍പ്പെട്ടിരുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി കാര്‍ഡോ പ്രത്യേകം നിര്‍ദ്ദേശങ്ങളോ നല്‍കിയിരുന്നില്ല. വാക്കിടോക്കി, മൈക്ക് അനൗണ്‍സ്മെന്റ് തുടങ്ങിയ സംവിധാനങ്ങളുടെ അഭാവം ഉണ്ടായിരുന്നുവെന്നും കമ്മീഷന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദുരന്തത്തിന് പിന്നില്‍ തീവ്രവാദബന്ധം സൂചിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലില്ല. എന്നാല്‍ ദുരന്ത സ്ഥലത്തുനിന്നും കണ്ടെത്തിയ റ്റിഎന്‍ 59എല്‍ 6707 എന്ന ചുവപ്പ് ബജാജ് ബോക്സര്‍ ബൈക്കിന്റെ ഉടമയെ കണ്ടെത്താനായിട്ടില്ല എന്നത് വീഴ്ചയാണ്. മുല്ലപ്പെരിയാര്‍ വിഷയം മൂലം തമിഴ്നാട് പോലീസ് ഇക്കാര്യത്തില്‍ വേണ്ടത്ര സഹകരിച്ചില്ലെന്നാണ് ക്രൈം ബ്രാഞ്ച് വിശദീകരിക്കുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും കമ്മീഷന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
39 സാക്ഷികളെ വിസ്തരിച്ച കമ്മീഷന് തെളിവിലേക്കായി 116 രേഖകള്‍ സ്വീകരിച്ചിരുന്നു. 166 പേജുള്ള റിപ്പോര്‍ട്ടില്‍ തീര്‍ത്ഥാടകരുടെ സൗകര്യത്തിനുവേണ്ടി ഏര്‍പ്പെടുത്തേണ്ട 50ഓളം ക്രമീകരണങ്ങളും വിശദീകരിക്കുന്നുണ്ട്. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച്, അടുത്ത തീര്‍ത്ഥാടന സീസണിനുമുമ്പുതന്നെ അവ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി അറിയിച്ചു.
പുല്ലുമേട് ദുരന്തം സംഭവിക്കാനുള്ള കാരണങ്ങളും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളുമാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിച്ചിട്ടുള്ളത്. 2011 ജനുവരി 14ന് മകരവിളക്ക് കണ്ടുമടങ്ങവേ 102 തീര്‍ത്ഥാടകരാണ് പുല്ലുമേട്ടിലുണ്ടായ ദുരന്തത്തില്‍ മരിച്ചത്. കഴിഞ്ഞ മണ്ഡലം മകരവിളക്ക് സീസണിനുമുമ്പ് കമ്മീഷന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: