ന്യൂദല്‍ഹി: രാമസേതു ദേശീയ പൈതൃകമാക്കണമെന്ന വിഷയത്തില്‍ സുപ്രീംകോടതി കേന്ദ്രത്തിന് കൂടുതല്‍ സമയം അനുവദിച്ചു. ബന്ധപ്പെട്ട സര്‍ക്കാര്‍ വിഭാഗത്തില്‍നിന്നും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരെന്‍ റാവലിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രം സമയം ചോദിച്ചത്.
രണ്ടാഴ്ച സമയമാണ് കേന്ദ്രത്തിന് അനുവദിച്ചിരിക്കുന്നത്. എന്ത് തീരുമാനമായാലും ഇതിനകം അറിയിക്കണമെന്നാണ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രത്തിനോട് പറഞ്ഞിരിക്കുന്നത്. ഈ വിഷയത്തില്‍ അടുത്ത വിചാരണ ഏപ്രില്‍ 19 ന് നടക്കും.
രാമസേതു ദേശീയ പൈതൃകമാക്കണമെന്ന് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യംസ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിചാരണ കേള്‍ക്കുകയായിരുന്നു കോടതി. ഇതിനുമുമ്പ് കോടതി രണ്ട് ദിവസത്തെ സമയം കേന്ദ്രത്തിന് നല്‍കിയിരുന്നു. പ്രമുഖ പരിസ്ഥിതിപ്രര്‍ത്തകനായ പച്ചൗരിയുടെ നേതൃത്വത്തില്‍ സേതുസമുദ്രം പദ്ധതിയെക്കുറിച്ചുള്ള സാധ്യതാ പഠനം നടത്തിയിരുന്നു. ദക്ഷിണഭാഗത്തേക്കുള്ള കപ്പല്‍ ഗതാഗതം രാമസേതുവിന് പകരം ധനുഷ്കോടിയിലൂടെയാകുന്നത് പഠിക്കാന്‍ പ്രധാനമന്ത്രിയാണ് പച്ചൗരി കമ്മറ്റിയെ നിയോഗിച്ചത്. രാമസേതു കൂടുതല്‍ കാലതാമസമില്ലാതെ ദേശീയ പൈതൃകമാക്കണമെന്ന് കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞിരുന്നു.
















