ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും ടിബറ്റന്‍ സന്യാസി ആത്മഹത്യ ചെയ്തു. പടിഞ്ഞാറന്‍ ചൈനയിലെ ആബാ കൗണ്ടിയില്‍ കിര്‍ത്തി സന്യാസി മഠത്തില്‍ പഠിക്കുകയായിരുന്ന ഷെറാബ് എന്ന ഇരുപതുകാരനാണ് ആത്മഹത്യ ചെയ്തത്.
സ്വന്തം നഗരമായ ജിയാലു വോയിലെ തെരുവില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചതിന് ശേഷം സ്വയം തീ കൊളുത്തുകയായിരുന്നു ഇയാള്‍. ബന്ധുക്കള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പോലും അവസരം നല്‍കാതെ ഷെറാബിന്റെ മൃതദേഹം പോലീസ് മാറ്റിയതായി പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആത്മഹൂതികള്ക്കു പിന്നില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയാണെന്നാണ് ചൈനയുടെ ആരോപണം. ചൈനയിലെ ടിബറ്റന്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മുപ്പതോളം പേര് ആത്മഹത്യ ചെയ്തിട്ടുണ്ട്. ടിബറ്റന്‍ ജനതയോടുള്ള ചൈനയുടെ കടുത്ത നിബന്ധനകളില്‍ പ്രധിഷേധിച്ചാണ് ആത്മഹത്യ.
ചൈനയ്ക്കെതിരേ പ്രതിഷേധിക്കാന്‍ ടിബറ്റന്‍ ജനതയ്ക്കു വേറെ മാര്‍ഗമില്ലെന്നാണു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: