മുംബൈ: ലോകത്തെ പ്രമുഖ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാരെ തേടുന്നു. അമേരിക്കയിലെ ഒഴിവുകള്‍ നികത്തുന്നതിനാണ് ഫേസ്ബുക്ക് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ നിയമിക്കാനൊരുങ്ങുന്നത്.
ഐബിഎം, ജിഇ തുടങ്ങിയ ആഗോള സ്ഥാപനങ്ങള്‍ ഇന്ത്യക്കാരെ ഇവിടുത്തെ വിഭാഗങ്ങളില്‍ നിയമിക്കുകയും പ്രത്യേക പ്രൊജക്ട് ജോലികള്‍ക്കായി വിദേശത്തേക്ക് അയക്കുകയും ചെയ്യാറുണ്ടെങ്കിലും വിദേശത്ത് നേരിട്ട് നിയമനം നല്‍കുക പതിവില്ല. ഇതാദ്യമായാണ് ആഗോള കമ്പനികളിലൊന്ന് നേരിട്ടുള്ള നിയമനത്തിന് ഒരുങ്ങുന്നത്.
യുഎസിലേക്ക് ഇന്ത്യയില്‍ നിന്നും എഞ്ചിനീയര്‍മാരെ ആവശ്യമുണ്ടെന്ന് കാണിച്ച് ഫേസ്ബുക്ക് കഴിഞ്ഞ ആഴ്ച ഒരു ഇന്ത്യന്‍ മാധ്യമത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇത്തരത്തിലൊരുനീക്കം അപൂര്‍വ്വമാണെന്നും ഇതുപോലൊന്ന് മുമ്പ് ഉണ്ടായിട്ടില്ലെന്നും സോഫ്റ്റ്വെയര് മേഖലയില്‍ പ്രമുഖരായ നാസ്കോമിലെ ശരത് ശര്‍മ അഭിപ്രായപ്പെട്ടു.
ചിക്കാഗോ, അയര്‍ലന്റ്, ന്യൂയോര്‍ക്ക്, സീറ്റില്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലേക്കാണ് ഫേസ്ബുക്ക് ഇന്ത്യക്കാരെ തിരയുന്നത്. 86 ഒഴിവുകളാണ് ആകെയുള്ളത്.
ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ന്ന് ഫോണ്‍ ഇന്‍ ഇന്റര്‍വ്യൂ ഉണ്ടായിരിക്കും. ഇന്റര്വ്യൂസ്ട്രീറ്റ് എന്ന സ്ഥാപനമാണ് ഓണ്‍ലൈന്‍ പരീക്ഷക്ക് ഫേസ്ബുക്കിനെ സഹായിക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഫേസ്ബുക്ക് തയ്യാറായിട്ടില്ല. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് ഇനീഷ്യല്‍ പബ്ലിക് ഓഫറിലൂടെ 100 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങുകയാണ്.
ഫേസ്ബുക്കിന് ഇന്ത്യയില്‍ 46 ദശലക്ഷം ഉപയോക്താക്കളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: