കൊളംബോ: രാജ്യത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുവഴി സ്ഥിരമായി സമാധാനം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെ. ഇതിനായി ലങ്കന്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്ത് ചെയ്യണമെന്ന് ആരും പറഞ്ഞുതരേണ്ട ആവശ്യമില്ലെന്നും ബാഹ്യമായ ഉപദേശങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2012ലെ എക്സ്പോയില്‍ സംസാരിക്കുകയായിരുന്നു രജപക്സെ. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ എന്തും ത്യജിക്കുമെന്നും പുനരധിവാസവും സമാധാനത്തിന്റെയും പാതയില്‍ ലങ്കന്‍ സര്‍ക്കാര്‍ പുരോഗമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി തന്റെ സര്‍ക്കാര്‍ കൂടുതല്‍ ദൂരം നടക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് അത് ചെയ്ത് നല്‍കേണ്ടത് തങ്ങളുടെ കടമയാണെന്നും എന്നാല്‍ എന്ത് ചെയ്യണമെന്ന് ആരും പറഞ്ഞുതരേണ്ടെന്നും രാജപക്സെ പറഞ്ഞു. യുദ്ധകുറ്റങ്ങളുടെ പേരില്‍ യുഎന്‍ കൊണ്ടുവന്ന ലങ്കക്കെതിരായ പ്രമേയം കഴിഞ്ഞയാഴ്ചയാണ് പാസായത്.
ഇതിനിടയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ചില എംബസികള്‍ അടച്ചുപൂട്ടുവാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദേശകാര്യമന്ത്രാലയവൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ കൊണ്ടുവന്ന ലങ്കക്കെതിരായ പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങളിലെ എംബസികള്‍ അടച്ചുപൂട്ടുമെന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചത്. യൂറോപ്പിലെ എംബസികള്‍ അടച്ചുപൂട്ടുന്നതിന് പകരമായി ഏഷ്യന്‍ രാജ്യങ്ങളില്‍ പുതിയ എംബസി തുറക്കുവാനും ലങ്കന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ എംബസികള്‍ അടച്ചുപൂട്ടുവാന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്സെയാണ് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ലങ്കക്കെതിരായ പ്രമേയത്തെ പിന്തുണച്ച നിരവധി യൂറോപ്യന്‍ രാജ്യങ്ങളുണ്ടെങ്കിലും അവിടെനിന്നും എംബസി മാറുന്നത് പ്രമേയത്തെ പിന്തുണച്ചതുകൊണ്ടുമാത്രമല്ലെന്നും പ്രമേയാവതരണം അടുത്തിടെയാണ് മനുഷ്യാവകാശ കൗണ്‍സില്‍ അവതരിപ്പിച്ചതെന്നും വക്താവ് പറഞ്ഞു. ഇന്ത്യയൊഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളെല്ലാം ലങ്കക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് യൂറോപ്പിലെ ചില എംബസികള്‍ അടച്ചുപൂട്ടി ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് വിദേശകാര്യമന്ത്രി ജി.എല്‍.പെരിസ് വ്യക്തമാക്കി.
എല്‍ടിടിഇക്കെതിരെയുള്ള ഏറ്റുമുട്ടലില്‍ ലങ്കന്‍ സേന തീര്‍ത്തും മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്നും ഇതിനെക്കുറിച്ച് അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ നടപടിയും വേണമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ലങ്കക്കെതിരെയുള്ള പ്രമേയം പാസ്സായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ എംബസികള്‍ അടച്ചുപൂട്ടുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: