സോള്‍: സോളില്‍ നടക്കുന്ന ആണവ ഉച്ചകോടി ആണവായുധങ്ങള്‍ തീവ്രവാദികളുടെ കൈകളിലെത്താതിരിക്കുന്ന നടപടികള്‍ക്കുള്ള അവസരമാണെന്ന് ചൈന. ഉപഗ്രഹ വിക്ഷേപണത്തിന് നോര്‍ത്ത് കൊറിയ നടത്തുന്ന നീക്കത്തില്‍ ചൈന കഴിഞ്ഞദിവസം കടുത്ത ആശങ്ക അറിയിച്ചിരുന്നു. പ്രസിഡന്റ് ബരാക് ഒബാമയും ഹുജിന്റാവോയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്റ് പ്രസ്താവന നടത്തിയത്.
ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ച ഉപഗ്രഹ വിക്ഷേപണത്തിനെതിരെ മിക്ക രാഷ്ട്രങ്ങളും രംഗത്തെത്തിയിരുന്നു. കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കല്‍ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു കൊറിയന്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത് മിസെയില്‍ പരീക്ഷണമാണെന്നും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഉത്തര കൊറിയയെ എതിര്‍ക്കുന്ന രാഷ്ട്രങ്ങള്‍ സൂചിപ്പിച്ചു.
അമേരിക്കന്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ റോഡ്സ് പറഞ്ഞത് മിസെയില്‍ പരീക്ഷണം ഗൗരവമായെടുത്തിട്ടുണ്ടെന്നും തങ്ങളുടെ ആശങ്ക കൊറിയന്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞിട്ടുണ്ടെന്നാണ്. ഇരുനേതാക്കളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്. ഉപഗ്രഹ വിക്ഷേപണം നടത്തുകയാണെങ്കില്‍ എന്ത് നടപടിയെടുക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഇരുരാഷ്ട്രങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും ചൈന കൊറിയക്ക് ശക്തമായ താക്കീത് കൊടുക്കണമെന്നും റോഡ്സ് പറഞ്ഞു.
നോര്‍ത്ത് കൊറിയയും ഇറാനും ചെയ്യുന്ന നടപടികള്‍ അപകടകരമാണെന്നും ഇതില്‍നിന്നും പിന്മാറണമെന്ന് ഒബാമ നേരത്തെ സൂചിപ്പിച്ചിരുന്നു. അണുവായുധം നേടിയാല്‍ പ്രതീക്ഷിക്കുന്ന സുരക്ഷ ലഭിക്കില്ലെന്നും ഒബാമ ഓര്‍മിപ്പിച്ചു. ഇത് ഇരു രാഷ്ട്രങ്ങളെയും കൂടുതല്‍ ഒറ്റപ്പെടുത്തും. അമേരിക്കക്ക് ആവശ്യത്തില്‍ കവിഞ്ഞ അണുവായുധമുണ്ടെന്ന് പ്രഖ്യാപിച്ച ഒബാമ തങ്ങളുടെയും സഖ്യകക്ഷികളുടെയും സുരക്ഷിതത്വത്തിന് കോട്ടം തട്ടാതെ ഇതില്‍ കുറവ് വരുത്തുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: