മലപ്പുറം: മുസ്ലിംലീഗിന് അഞ്ചാംമന്ത്രി സ്ഥാനം വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വസതിക്കു മുന്നില്‍ പ്രകടനം നടത്തി. വേങ്ങരയ്ക്കടുത്ത കാരാത്തോട്ടെ വസതിക്കു മുമ്പിലാണ് ഇരുപതോളം വരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇന്നലെ വൈകീട്ട് 5.30-ഓടെയായിരുന്നു സംഭവം. മഞ്ഞളാംകുഴി അലിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള അങ്ങാടിപ്പുറം പഞ്ചായത്തിലേയും പരിസര പ്രദേശത്തെയും യൂത്ത്ലീഗ് പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍ അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചിട്ടും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത മുസ്ലിംലീഗ് മന്ത്രിമാര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അവര്‍ രാജിവെച്ച് ഇറങ്ങിപ്പോരണമെന്നും പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ മുദ്രാവാക്യം മുഴക്കി.
സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ മുസ്ലിംലീഗ് നേതാക്കളും മന്ത്രിമാരും യുഡിഎഫ് യോഗത്തില്‍ നിശബ്ദത പാലിക്കുകയാണെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. മാര്‍ച്ച് 28ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ മുസ്ലിംലീഗ് മന്ത്രിമാരെ വഴിയില്‍ തടയുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്കി. 10 മിനിട്ടോളം മുദ്രാവാക്യം വിളിച്ച ശേഷമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
അതേസമയം, യൂത്ത്ലീഗ് പ്രവര്‍ത്തകരുടെ പ്രകടനത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അഞ്ചാം മന്ത്രിക്കായുള്ള പ്രവര്‍ത്തകരുടെ വികാരപ്രകടനം മാത്രമാണ് നടന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യം ലീഗിലെ മറ്റു നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: