കൊച്ചി: പഞ്ചസാരയിന്മേലുള്ള സര്‍ക്കാര്‍ ലെവി സമ്പ്രദായം നീക്കം ചെയ്യുവാന്‍ ശ്രമം തുടങ്ങി. ഒപ്പം പഞ്ചസാര കയറ്റുമതിക്ക് അനുവദിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ തുടങ്ങുന്നു. പഞ്ചസാര വിപണിയിലെ വിലവര്‍ധന നിലനില്‍ക്കേ ലെവി ഒഴിവാക്കാനും കയറ്റുമതിക്കും സര്‍ക്കാര്‍ ശ്രമിക്കുന്നത് വാണിജ്യകേന്ദ്രങ്ങളില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്നതിനുള്ള പഞ്ചസാര സര്‍ക്കാര്‍ ശേഖരിക്കുന്നത് ലെവി സമ്പ്രദായത്തിലൂടെയാണ്. ഉല്പാദനം ശരാശരി നിലവാരത്തിലുള്ളപ്പോഴാണ് കയറ്റുമതി അനുമതിക്കും ശ്രമിക്കുന്നത്. രണ്ട് നടപടികളും പഞ്ചസാര വിപണിയില്‍ വന്വിലവര്ധനവിനിട വയ്ക്കുമെന്നാണ് ഉപഭോക്തൃ സംഘടനകളും, വ്യാപാരി സംഘടനകളും ചൂണ്ടിക്കാട്ടുന്നത്. പഞ്ചസാര ഉല്പദാന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നിലെന്ന് പറയപ്പെടുന്നു.
കാര്‍ഷിക മേഖലയില്‍നിന്ന് ഉല്പാദന തോതിന്റെ നിശ്ചിത അളവ് ഉല്പന്നം സര്‍ക്കാരിന് പ്രഖ്യാപിത വിലയ്ക്ക് നല്‍കണമെന്ന വ്യവസ്ഥയാണ് ലെവി സമ്പ്രദായം. നിയമസാധുതയോടൊപ്പം കാര്‍ഷിക മേഖലയ്ക്ക് സര്‍ക്കാര്‍ തല സംരക്ഷണം കൂടിയാണിതെന്ന് ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്ര ഇന്ത്യയില്‍ കാര്ഷികോല്പന്നങ്ങള്ക്ക് ലെവി സമ്പ്രദായം നിലനിന്നത് പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. നിത്യോപയോഗം ഭക്ഷ്യധാന്യ മേഖലയില്‍ ഒട്ടേറെ ഇനങ്ങള്‍ക്ക് ലെവി സമ്പ്രദായം നിലവില്‍ തുടരുന്നുണ്ട്. വിപണിയില്‍ വിലനിയന്ത്രണത്തോടൊപ്പം, ഉല്പന്നലഭ്യത ഉറപ്പുവരുത്തുന്നതിനും, കരുതല്‍ ശേഖരണത്തിനും, അടിയന്തരഘട്ടത്തെ ആവശ്യത്തിനുമായുള്ള ഉല്പന്ന സംഭരണം കൂടിയാണ് ലെവി സമ്പ്രദായത്തിലൂടെ സര്‍ക്കാരിന് കഴിയുന്നതെന്ന് വിവിധ കേന്ദ്രങ്ങള്‍ പറയുന്നു.
പഞ്ചാസാര ലെവി സമ്പ്രദായം ഒഴിവാക്കുന്നതിലൂടെ വന്‍ പ്രത്യാഘാതമാണ് വിപണിയിലുണ്ടാകുകയെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്കുന്നു. ഇന്ത്യയില്‍ നിലവിലുള്ള നിയന്ത്രണ നിയമസംവിധാനങ്ങളുടെ അപര്യാപ്തമൂലം വന്‍കിടക്കാര്‍ക്ക് വന്‍ നേട്ടം കൊയ്യുവാനുള്ള അവസരമാണിതിലൂടെ സൃഷ്ടിക്കപ്പെടുക. ലോകത്ത് പഞ്ചസാര ഉല്പാദനത്തിന് മുന്‍നിരയിലുള്ള ഇന്ത്യയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്‍ഷിക- ഉല്പാദന കേന്ദ്രങ്ങളില്‍ വന്‍ കുറവാണുണ്ടായത്. പ്രതിവര്‍ഷം ശരാശരി 23 ദശലക്ഷം ടണ്‍ ഉപഭോഗാവശ്യത്തിന് പഞ്ചസാര വേണ്ട ഇന്ത്യയില്‍ 2008-2009 ഉല്പാദക വര്‍ഷം 14.7 ദശലക്ഷം ടണ്ണും, 2009-10ല്‍ 19 ദശലക്ഷം ടണ്ണും, 2010-11 ല്‍ 25 ദശലക്ഷം ടണ്ണുമാണ് ഉല്പാദനം നടന്നത്. ബ്രസീലാണ് പഞ്ചസാര ഉല്പാദനത്തില് മുന്‍നിരയിലെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെയും ഉല്പദാനത്തില് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, മദ്ധ്യപ്രദേശ്, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ പഞ്ചാസാരയ്ക്കുള്ള കരിമ്പ് കൃഷി നടക്കുന്നത്. യുപി- മഹാരാഷ്ട്ര- കര്‍ണാടക സംസ്ഥാനങ്ങളിലാണ് പഞ്ചസാര ഉല്പാദകമില്ലുകള് ഏറെയുള്ളത്.
2010-11 വര്‍ഷവും, 2011-12 വര്‍ഷവും ഉല്പാദനം ഉയരുമെന്ന പ്രതീക്ഷയില്‍ അരലക്ഷം ടണ്‍ പഞ്ചസരയാണ്. ഇന്ത്യ കയറ്റുമതിചെയ്യുവാന്‍ അനുമതി നല്‍കുക നിലവിലെ ഇന്ത്യന്‍ വിപണിയിലൂടെ സമാനനിരക്കിലാണ് കയറ്റുമതിയെന്നതാണ് സര്‍ക്കാര്‍ ന്യായം ഇത് വിപണിയില്‍ പഞ്ചസാരലഭ്യത കുറയുവാന്‍ കാരണമാകുമെന്ന് വ്യാപാരകേന്ദ്രങ്ങള്‍ പറയുന്നത്.
പഞ്ചസാര ലെവി സമ്പ്രദായം ഒഴിവാക്കുന്നതിലൂടെ സര്‍ക്കാരിന്റെ വിപണി നിയന്ത്രണമില്ലാതാക്കുവാനും വിലവര്‍ധന തടയുവാനും കഴിയാതെവരും. നിലവില്‍ ഉല്പാദനത്തിന്റെ 10 ശതമാനം തോത് ലെവിയായി സര്‍ക്കാരിന് നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിനായാണ് സര്‍ക്കാര്‍ താങ്ങുവില- പ്രഖ്യാപിത വില എന്നിവ നല്‍കുന്നത്. ഇപ്രകാരം ലഭിക്കുന്ന പഞ്ചസാരയുടെ നിശ്ചിത തോത് പൊതുവിതരണ സമ്പ്രദായത്തിലൂടെ വില്പന നടത്തുന്നത്മൂലം വിപണിയില്‍ വിലവര്‍ധന ഒഴിവാക്കാനും, ലഭ്യത ഉറപ്പാക്കാനും കഴിയുന്നു. 2011-12 വര്‍ഷം പഞ്ചസാര ഉല്‍പദാനത്തിന്റെ ലെവി തോതായി. 28 ലക്ഷം ടണ്‍ പഞ്ചസാരയാണ് സര്ക്കാരിലേയ്ക്കെത്തുക. ഇതിന്റെ 60 ശതമാനവും റേഷന്‍ കട- സഹകരണ ചന്തകള്‍ തുടങ്ങി പൊതുവിരണശൃംഖലയിലൂടെ ജനങ്ങള്‍ക്ക് വിതരണം ചെയ്യും. ലെവി സമ്പ്രദായത്തിലൂടെ പ്രതിവര്‍ഷം ആയിരത്തിലേറെ കോടിരൂപ പഞ്ചസാരമില്ലുടമകള്ക്ക് നഷ്ടമാകുമെന്നാണ് മില്ലുടമ സംഘടനകള്‍ പറയുന്നത്.
സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ്സിതര സര്‍ക്കാര്‍ വന്ന 1977 ലെ ജനത സര്‍ക്കാരിന്റെ പഞ്ചസാര നിയന്ത്രണം ഒഴിവാക്കല്‍ (ഡീ-കണ്ട്രോള് പ്ലാന്‍) നടപ്പിലായതോടെയാണ് രാജ്യത്ത് പഞ്ചസാര ലഭ്യത സുഗമമായതും, കാര്‍ഷിക മേഖലയ്ക്ക് ന്യായവില ലഭ്യമാക്കുകയും ചെയ്തത്. ഇതിന്റെ ചുവടുപിടിച്ച് ഒട്ടേറെ കാര്‍ഷിക ഉല്പന്നങ്ങളെയും ഈ സമ്പ്രദായത്തില്‍ കൊണ്ടുവന്നത് ഭക്ഷ്യ ധാന്യ ലഭ്യതയ്ക്കും, വിപണി വളര്‍ച്ചയ്ക്കും വഴിയൊരുക്കിയിരുന്നു. സ്വകാര്യവല്‍ക്കരണം ഉദാരവല്‍ക്കരണം വ്യാപകമായതോടെ 1998ലും, 2004ലും, 2007ലും കേന്ദ്രസര്‍ക്കാര്‍ പഞ്ചസാര ലെവി നീക്കം ചെയ്യാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയാണ് ചെയ്തത്.
പഞ്ചസാര വിപണിയില്‍ മൊത്തവില കിലോയ്ക്ക് 52 രൂപ വരെ ഉയര്‍ന്ന സാഹചര്യത്തില്‍ ലഭ്യതയും വിലനിയന്ത്രണവും ഉറപ്പാക്കിയത് ലെവി സമ്പ്രദായത്തിലൂടെ നേടിയ പഞ്ചസാര വിതരണം ചെയ്താണെന്നത് ഭരണകൂട കേന്ദ്രങ്ങള്‍ വിസ്മരിക്കുകയാണ്.
മഹരാഷ്ട്ര ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ മില്ലുടമകളെ സഹായിക്കുന്നതിനുള്ള സര്‍ക്കാര്‍ തല ശ്രമങ്ങളാണ് ലെവി ഒഴിവാക്കുന്നതിന് പിന്നിലെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു. പഞ്ചസാര ലെവി നിര്‍ത്തലാക്കുന്നതിലൂടെ ചില്ലറ വിപണിയെ കീഴടക്കുന്ന കോര്‍പ്പറേറ്റ് വന്‍കിട മൊത്തവിതരണ സ്വകാര്യ മേഖലയ്ക്ക് കുത്തകാവകാശം നേടിയെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് പഞ്ചസാര വിപണിയില്‍ വന്‍ വിലവര്‍ധനവിനും, ഉല്പന്ന ക്ഷാമത്തിലും, പുഴ്ത്തിവെപ്പിനും കളമൊരുക്കുമെന്ന് വ്യാപാരകേന്ദ്രങ്ങള്‍ പറയുന്നു.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: