കാസര്‍കോട്: ബിപിഎല്‍ ലിസ്റ്റ് മാനദണ്ഡം പുനഃപരിശോധിച്ച് വര്‍ത്തമാന കാല സാഹചര്യങ്ങള്‍ക്കനുസൃത മായി വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകളെയും ലിസ്റ്റില്‍ കൊണ്ടുവരികയും അനര്‍ഹരെ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് കാസര്‍കോട് നടന്നുവരുന്ന ബിഎംഎസ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് നഗരപ്രദേശങ്ങളില്‍ പ്രതിദിനം ൩൨ രൂപവരെയും ഗ്രാമങ്ങളില്‍ പ്രതിദിനം ൨൬ രൂപവരെയും വരുമാനമുള്ളവരെ മാത്രമെ ബിപിഎല്ലുകാരായി പരിഗണക്കുകയുള്ളൂവെന്നാണ്. സര്‍ക്കാര്‍ നിയോഗിച്ച അര്‍ജ്ജുന്‍സെന്‍ ഗുപ്ത കമ്മീഷണ്റ്റെ റിപ്പോര്‍ട്ടിന് ഘടകവിരുദ്ധമായ ഈ തീരുമാനം മാറ്റി ബിപിഎല്‍ ലിസ്റ്റ് മാനദണ്ഡം പുനഃപരിശോധിക്കണമെന്നാണ് ബിഎംഎസ് ആവശ്യപ്പെടുന്നത്. തൊഴില്‍ മേഖലയിലെ ചൂഷണം അവസാനിപ്പിക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതും പിരിച്ചുവിടുന്നതും തൊഴിലുടമയുടെ വിവേചനാധികാരമാണെന്നാണ് പലരും ധരിക്കുന്നത്. മോശമായ പരിതസ്ഥിതിയില്‍ തുച്ഛമായ വേതനം നല്‍കി യാതൊരു വിധ സാമൂഹ്യ സുരക്ഷിതത്വ പദ്ധതികളും നല്‍കാതെതൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടികള്‍ അവസാനിപ്പിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ സേവനം കാര്യക്ഷമമാക്കുക, പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുക, പൊതു മേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പന നിര്‍ത്തലാക്കി വ്യവസായത്തെ സംരക്ഷിക്കുക, പിഎഫ് പെന്‍ഷന്‍ കുറഞ്ഞത് മൂവായിരം രൂപയായി ഉയര്‍ത്തുക, തൊഴിലാളി നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കുക, ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം നടത്താനുള്ള നീക്കം പിന്‍വലിക്കുക, കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാന സമ്മേളനം മുന്നോട്ട് വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: