ന്യൂദല്‍ഹി: ആണവസുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ദക്ഷിണകൊറിയയിലെത്തി. ആണവ ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ സോളില്‍ നടക്കുന്ന ഉച്ചകോടിയില്‍ അദ്ദേഹം വിശദീകരിക്കും.
ഉച്ചകോടിയില്‍ 57 ലോകനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ആണവശേഷിയുള്ള രാജ്യങ്ങളെ ആണവഭീകരത ഉയര്‍ത്തുന്ന ഭീഷണിയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. ലോകത്തെ ആണവായുധ വിമുക്തമാക്കാന്‍ ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി ലോകനേതാക്കളെ അറിയിക്കും. ആണവ ഭീകരപ്രവര്‍ത്തനം ഏറെ ആശങ്ക ഉയര്‍ത്തുന്ന ഒന്നാണെന്ന് യാത്ര തിരിക്കും മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ മന്‍മോഹന്‍സിംഗ് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ്, ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ, പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തേക്കും. ഓസ്ട്രേലിയ, ജപ്പാന്, ഇന്തോനേഷ്യ, ഫ്രാന്‍സ്, യുഎന്‍, യൂറോപ്യന്‍ യൂണിയന് നേതാക്കളും ഉച്ചകോടിക്കെത്തും.
ആണവ ഭീകരത ഉയര്‍ത്തുന്ന ആഗോള ഭീഷണിയും ആണവ പദാര്‍ത്ഥങ്ങളും സാങ്കേതികവിദ്യകളും ഭീകരപ്രവര്ത്തകര് കൈവശപ്പെടുത്തുന്നത് തടയുന്നതിനും വേണ്ട നടപടികളെക്കുറിച്ച് ഉന്നതതലത്തില്‍ ശ്രദ്ധ ക്ഷണിക്കുകയാണ് ഉച്ചകോടിയുടെ മുഖ്യലക്ഷ്യമെന്ന് വിദേശകാര്യ സെക്രട്ടറി രഞ്ചന്‍ മത്തായി പറഞ്ഞു.
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ യുങ്ങ് ബക്, പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുമായി മന്‍മോഹന്‍സിംഗ് പ്രത്യേക കൂടിക്കാഴ്ചയും നടത്തിയേക്കും. വിസാ നടപടികളില്‍ ഇളവനുവദിക്കുന്നതിനുള്ള കരാറില്‍ സിംഗും ലീയും ഒപ്പിടുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: