തിരുനെല്‍വേലി: കൂടംകുളം താപവൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉപവാസം നടത്തുന്നവരുടെ ആരോഗ്യം നിലനിര്‍ത്താന്‍ നടപടികളെടുത്തു. ഉപവാസം ആറാം ദിവസത്തേക്ക് കടക്കവേ സമരക്കാരുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് അവര്‍ക്ക് ഗ്ലൂക്കോസ് നല്കുവാന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സമരക്കാരുടെ നേതാവ് എസ്.പി. ഉദയകുമാര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേരെ തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
കഴിഞ്ഞ സെപ്തംബര്‍ മുതല്‍ സമീപവാസികളുടെയും മറ്റും എതിര്‍പ്പിനെയും സമരത്തെയും തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചിരുന്ന ഇന്‍ഡോ-റഷ്യന്‍ പദ്ധതി പുനരാരംഭിക്കാന്‍ മാര്‍ച്ച് 19ന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനിടെ കൂടംകുളത്തെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് എഡിജിപി എസ്.ജോര്‍ജ് വിലയിരുത്തി. സ്ഥലത്ത് ക്രമസമാധാനം ഉറപ്പുവരുത്താനായാണ് പോലീസിനെ വിന്യസിച്ചതെന്നും അല്ലാതെ ഗ്രാമവാസികളെ ദ്രോഹിക്കാനോ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനോ അല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പൊതുജനങ്ങളെ അറസ്റ്റ് ചെയ്യില്ലെന്നും കേസുള്ളവരെ മാത്രമേ അറസ്റ്റ് ചെയ്യൂ എന്നും ജോര്‍ജ് പറഞ്ഞു. മറിച്ച് എല്ലാം സാധാരണ നിലയിലായാല്‍ പോലീസിനെ പിന്‍വലിക്കുമെന്നും അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ക്യു’ ബ്രാഞ്ച് പോലീസ് തമിഴ്നാട് യൂത്ത് റീ ബര്ജന്റ് ഫോറം നേതാവ് സതീശിനെയും അറസ്റ്റ് ചെയ്തിരുന്നു. സതീശിന് നക്സലൈറ്റ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും അയാള്‍ക്കെതിരെ പതിനഞ്ചോളം കേസുകള്‍ പെന്റിങ്ങിലുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: