മൂവാറ്റുപുഴ: ക്ഷീരരംഗത്ത് ഇന്ത്യ ഏറെ മുന്നോട്ട് പോയെന്നും ഇത് സാമ്പത്തികരംഗത്ത് വലിയ സംഭാവനയാണ്നല്കിയിട്ടുള്ളതെന്നും കേന്ദ്ര മന്ത്രി കെ. വി. തോമസ് പറഞ്ഞു. ജില്ലാ ക്ഷീര സംഗമത്തോട് അനുബന്ധിച്ച് കാലാമ്പൂരില്‍ നടന്ന ക്ഷീര വികസന സെമിനാറിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
1950ല്‍ 17മില്യണ്‍ പാല് ഉത്പാദിപ്പിച്ചപ്പോള് ഇന്നത് 122 മില്യണ്‍ ഉത്പാദനമായി ഉയര്‍ന്നിട്ടുണ്ട്. ക്ഷീരമേഖലയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 80കോടി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം വികസനത്തിന് 125കോടി ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ക്ഷീര രംഗത്തെ വളര്‍ച്ചയ്ക്ക് സഹകരണ പ്രസ്ഥാനങ്ങള്‍ ഉത്തേജകമാണ്. പാല് ഉത്പാദനവും തൊഴില്‍ മേഖലയും വര്‍ദ്ധിക്കുന്നതിന് സ്വകാര്യ മേഖലയും ക്ഷീര മേഖലയും കൈ കോര്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. പാല് അടിസ്ഥാനമാക്കി മൂല്യാധിഷ്ടിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുവാന്‍ ക്ഷീര കര്‍ഷകര്‍ മുന്നോട്ട് വരണം. ഇതിനായി പുതിയ കാഴ്ചപ്പാട് കണ്ടെത്തണമെന്നും ക്ഷീര സംഘങ്ങളോടായി അദ്ദേഹം അഭ്യര്‍ത്ഥച്ചു.
ജോസഫ് വാഴയ്ക്കന് എം എല്‍ എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറി ക്വിസിന്റെ ഉദ്ഘാടനം മന്ത്രി പി. കെ. ജയലക്ഷമി നിര്‍വ്വഹിച്ചു. രാവിലെ പത്തിന് ക്ഷീര സംഗമ പരിസരത്ത് നടന്ന കന്നുകാലി പ്രദര്‍ശന മത്സരത്തിന്റെ ഉദ്ഘാടനം മന്ത്രി പി. ജെ. ജോസഫ് നിര്‍വ്വഹിച്ചു. ഉത്പാദന ക്ഷമതയുള്ള പശുക്കളെ വളര്‍ത്തിയാല്‍ മാത്രമെ കേരളത്തില്‍ പാല് ഉത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതിനായി ഇസ്രയേലി പശുക്കളുടെ ബീജം നമ്മുടെ നാട്ടിലെ പശുക്കളില്‍ സങ്കലനം നടത്തി ക്ഷീരമേഖലയെ രക്ഷിക്കുവാന്‍ കഴിയും.
തുടര്‍ന്ന് വെച്ചൂര്‍ കാളയടക്കം 72 ഓളം ഉരുക്കളെത്തിയ പ്രദര്‍ശനം മന്ത്രി വീക്ഷിച്ചു. ക്ഷീരവികസന സെമിനാറില്‍ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയും ക്ഷീരമേഖലയിലെ നയ സമീപനങ്ങളും എന്ന വിഷയത്തില്‍ റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ എസ്.പി. ശിവകുമാരന് തമ്പി ക്ലാസെടുത്തു. ഡപ്യൂട്ടി ഡയറക്ടര്‍ ജി. പി. സദാശിവന് മോഡറേറ്ററായിരുന്നു. വിവിധ പരിപാടികളുടെ കണ്‍വീനറും കോ ഓഡിനേറ്ററുമായ ജോണ്‍ തെരുവത്ത്, ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ വി. ഉണ്ണി, ജില്ലാ പഞ്ചായത്ത് അംഗം ബാബു ജോസഫ്, ക്ഷീരവികസന ഓഫീസര്‍ പോള്‍ എം. ചെറിയാന്, ബ്ലോക്ക് പഞ്ചായത്ത് പ്രസി. ജോസ് പെരുമ്പിള്ളികുന്നേല്‍, ആയവന ഗ്രാമപഞ്ചായത്ത് പ്രസി. ലൈല മുസ്തഫ, സഹകരണ യൂണിയന് പ്രസി. എന്‍. പി. പൗലോസ്, എബ്രഹാം തൃക്കളത്തൂര്‍, പാലക്കാട് ഡപ്യൂട്ടി ഡയറക്ടര്‍ എസ് എസ് കുമാരി, മൂവാറ്റുപുഴ ക്ഷീരവികസന ഓഫീസര്‍ മാഗി ജോസ്, ക്വാളിറ്റി കണ്ട്രോളര് ഓഫീസര്‍ സില്‍വി മാത്യൂസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
സംഗമത്തോടനുബന്ധിച്ച് വിപണനമേളയും ഡയറി എക്സിബിഷനും നടത്തി. സെമിനാറില്‍ നൂറ് കണക്കിന് ക്ഷീര കര്‍ഷകര്‍ പങ്കെടുത്തു.
ഇന്ന് നടക്കുന്ന പൊതു സമ്മേളനവും പ്രത്യേക കേന്ദ്ര ധനസഹായ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും മന്ത്രി കെ. സി. ജോസഫ് നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: