കൊച്ചി: നിര്‍ദ്ദിഷ്ട കൊച്ചി മുസിരിസ് ബിനാലെ എന്ന കലാ പ്രദര്‍ശനത്തിനായി ഒരു സ്വകാര്യട്രസ്റ്റിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകള്‍ നടന്നതായി കേരളത്തിലെ ചിത്രകാരന്മാര് ഉന്നയിച്ച ആരോപണങ്ങളെ പൂര്‍ണമായും ശരിവയ്ക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നതെന്ന് ചിത്രകാരന്മാരുടെ സംഘടനായായ ലാന്റേണിന്റെ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രാന്റായി സ്വീകരിച്ച 5 കോടിരൂപയുടെ വിശദമായി കണക്കുകള്‍ എഴുതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കണക്കുകള്‍ എന്ന പേരില്‍ വെറും ഒറ്റപേജില്‍ തയ്യാറാക്കിയ അവ്യക്തമായ ഒരു യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് മാത്രമാണ് യഥാര്‍ത്ഥത്തില്‍ നല്‍കിയിട്ടുള്ളത്. ഇതിനായി മുംബൈയിലുള്ള ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റന്റിന്റെ പേരിലുള്ള സാക്ഷ്യപ്പെടുത്തലും സംശയകരമാണ്.
പൊതുചാരിറ്റബിള്‍ ട്രസ്റ്റ് എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഫണ്ട് ലഭിക്കുന്നതിനായി ശ്രമം നടന്നത് എന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നടപടിക്രമങ്ങളുടെ തടസ്സം ഒഴിവാക്കുന്നതിനായും സ്വന്തം ഇഷ്ടപ്രകാരം പണം വിനിയോഗിക്കുന്നതിനുമായി സ്വകാര്യട്രസ്റ്റിന്റെ അവകാശങ്ങളാണ് ട്രസ്റ്റിന് ലഭിച്ചത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇതുസബന്ധിച്ച് നടത്തിയ പരസ്പരവിരുദ്ധമായ രേഖകളില്‍ നിന്നും ഇതിനായി സര്‍ക്കാര്‍ പ്രതിനിധികളും ട്രസ്റ്റും നടത്തിയ ഒത്തുകളി വ്യക്തമാകുന്നു.
ഇപ്പോള്‍ നല്കിയ രേഖയില്‍ ഏറ്റവും വിവാദമായ ദര്‍ബാര്‍ ഹാള്‍ നവീകരണത്തിന്റെ ചെലവുകള്‍ 2,57,540,10 രൂപ എന്ന് ഒറ്റവരിയിലാണ് എഴുതിയിട്ടുള്ളത്. 5 കോടി കൈവശമുണ്ടായിട്ടും ഇപ്പോഴും പൂര്‍ത്തിയാകാത്ത നവീകരണത്തിന് വീണ്ടും 67 ലക്ഷത്തോളം രൂപ കൂടി നല്‍കണമെന്നും ട്രസ്റ്റ് ആവശ്യപ്പെടുന്നു. ഇതിന്റെയും കണക്കുകള്‍ നല്‍കിയിട്ടില്ല. എസ്റ്റിമേറ്റില്‍ നേരത്തെ വിശദീകരിച്ചത് പ്രകാരമുള്ള പ്രധാനപ്പെട്ട ശീതികരണ സംവിധാനം, ലിഫ്റ്റ്, ഫ്ലോറിങ്ങ്, ഗാര്‍ഡനിംഗ്, സെക്യൂരിറ്റി സിസ്റ്റം തുടങ്ങി പലതും പൂര്‍ത്തിയക്കാതെയും പ്രവര്ത്തനസജ്ജമല്ലാതെയുമാണ് ഹാള്‍ മടക്കി നല്‍കിയത്. എന്നിട്ടും എസ്റ്റിമേറ്റിലെ മുഴുവന്‍ തുകയും കൈവശപ്പെടുത്തി. ട്രസ്റ്റ് ഈ കണക്ക് പ്രകാരം ബാക്കിയുള്ള ഏതാണ്ട് 2.5 കോടിയോളം രൂപ ട്രസ്റ്റ് ഭാരവാഹികളും സുഹൃത്തുക്കളും ചേര്‍ന്ന് ലോകം മുഴുവനും ചുറ്റിയടിക്കുന്നതിനും ശമ്പളവും വിരുന്നുകളും നടത്തുന്നതിനുമായാണ് ചെലവഴിച്ചത്. പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തുള്ള അനുഭവപരിചയത്തിന്റെ അവകാശവാദത്തിന്മേലാണ് മുന്‍സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ സാംസ്ക്കാരിക വകുപ്പ് മന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരം ബിനാലെ നടത്തുവാനുള്ള 73.2 കോടിരൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ലഭിച്ച പണമുപയോഗിച്ച് ട്രസ്റ്റ് ഭാരവാഹികള്‍ പഠനത്തിനെന്നപേരില്‍ വിദേശരാജ്യങ്ങളിലെ നിരവധി അന്താരാഷ്ട്ര പ്രദര്‍ശനങ്ങളും വിവിധ ബിനാലെകളും വീണ്ടും സന്ദര്‍ശനത്തിനായി പോയതിന്റെ കാരണം ദുരൂഹമാണ്. 58 ലക്ഷം രൂപയാണ് വിമാനയാത്രാച്ചെലവുകള്. 10 ലക്ഷം രൂപയോളം താമസത്തിന്റെ ചെലവ്. വിരുന്നുകള്‍ക്കും ഭക്ഷണത്തിനുമായി ലക്ഷങ്ങള്‍ വീണ്ടും എഴുതിയെടുത്തിട്ടുണ്ട്. മന്ത്രിപദം ഒഴിഞ്ഞതിന് ശേഷം ബിനാലെയുടെ ഒരു കമ്മറ്റിയിലും അംഗമല്ലാതിരുന്ന മുന്‍ സാംസ്ക്കാരിക വകുപ്പ് മന്ത്രി എം.എ.ബേബി നടത്തി വിദേശയാത്രകളുടെയും ചര്‍ച്ചകളുടെയും വിശദാംശങ്ങള്‍ ട്രസ്റ്റ് സര്‍ക്കാരിന് നല്കിയ പ്രവര്ത്തനരേഖയിലുണ്ട്. യാത്രകള്‍ക്ക് പുറമേ മദ്യസല്ക്കാരമുള്പ്പെടെയുള്ള നിരവധി വിരുന്നുസല്‍ക്കാരങ്ങള്‍ ഇന്ത്യയിലെയും വിദേശത്തെയും വിവിധ നഗരങ്ങളില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗപ്പെടുത്തി നടത്തിയിട്ടുണ്ടെന്ന് ലാന്റേണ്‍ ഭാരവാഹികള്‍ പറഞ്ഞു.
വ്യക്തമായ തെളിവുകള്‍ സഹിതം ട്രസ്റ്റ് നടത്തിയിട്ടുള്ള അഴിമതിയെ കുറിച്ച് സര്‍ക്കാരിന് കേരളത്തിലെ കലാകാരന്മാര് നിവേദനം നല്‍കിയെങ്കിലും ട്രസ്റ്റിന് സഹായകരമായ നിലപാടാണ് ഈ സര്‍ക്കാരും സ്വീകരിച്ചുവരുന്നത്. ഒരു പ്രാഥമിക അന്വേഷണം നടത്തുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് ചിത്രകാരന്മാര്ക്ക് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് ഈ തീരുമാനം അട്ടിമറിയ്ക്കപ്പെടുകയാണ് ചെയ്തത്.
ദര്‍ബാര്‍ഹാള്‍ നവീകരണത്തിനായി അടിയന്തരമായി പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നല്കിയ 4 കോടിരൂപ ഒന്നടങ്കം ബാങ്കില്‍ സ്ഥരനിക്ഷേപമിട്ട് ലാഭമുണ്ടാക്കാനാണ് ട്രസ്റ്റ് ശ്രമിച്ചത്. മാസങ്ങളായി അടഞ്ഞുകിടന്ന ദര്‍ബാര്‍ ഹാള്‍ നവീകരിക്കുന്നതിന് പകരം 6 മാസം വരെ പണം സ്ഥിരനിക്ഷേപമായിട്ടു.
ഇങ്ങനെ ലഭിച്ച 5 ലക്ഷത്തോളം രൂപ ട്രസ്റ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ് ചെലവിട്ടത്. നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതി നടത്തുന്നതിന് പകരം സര്‍ക്കാര്‍ ഫണ്ട് സ്ഥിരനിക്ഷേപത്തിനിടുന്നത് സാമ്പത്തിക അച്ചടക്ക ലംഘനമാണെന്നും പ്രഥമദൃഷ്ട്യായുള്ള ഫണ്ട് ദുരുപയോഗമാണെന്നും ധനകാര്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് മുഴുവന്‍ പണവും ബാങ്കില്‍ നിന്ന് പിന്‍വലിച്ച് ട്രഷറിയില്‍ നിക്ഷേപിക്കുവാന്‍ സര്‍ക്കാര്‍ ട്രസ്റ്റിനോട് ആവശ്യപ്പെട്ടെങ്കിലും നടപ്പിലാക്കിയില്ല.
ഇക്കാരണത്താല്‍ പ്രസ്തുത ട്രസ്റ്റ് പിരിച്ചുവിടുകയും ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുകയും വേണമെന്ന് ചിത്രകാരന്മാര് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ അജിത്കുമാര്‍ ജി റോബര്‍ട്ട് ലോപസ്, ശ്രീലാല്‍.കെ.എസ്. തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: