കൊച്ചി: സപ്തദേവീ ശിവനാരായണദര്ശനത്തോടെയുള്ള പൂരസംഗമങ്ങള് ഏഴര പതിറ്റാണ്ടിനുശേഷം വീണ്ടും പുനര്‍ജനിക്കുന്നു. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കൊച്ചിന് ദേവസ്വംബോര്‍ഡ് മെമ്പര്‍ കെ.കുട്ടപ്പനും മറ്റ് ക്ഷേത്രങ്ങളുടെ ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മധ്യകേരളത്തിലെ ഏഴ് ദേവീ ക്ഷേത്രങ്ങളിലെ പൂരങ്ങളെല്ലാം ഒന്നുചേര്‍ന്ന് തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിന്റെ മുമ്പില്‍ സമ്മേളിച്ചിട്ട് 74 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇതിന്റെ സ്മരണ പുതുക്കിക്കൊണ്ടുള്ള സപ്തദേവീ ശിവനാരായണദര്ശനത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 7ന് വേങ്ങൂര്‍ ശ്രീദുര്‍ഗാ ദേവീ ക്ഷേത്രാങ്കണത്തില്‍ തന്ത്രിസമാജം പ്രസിഡന്റ് വേഴപറമ്പ് കൃഷ്ണന് നമ്പൂതിരിപ്പാട് നിര്‍വഹിക്കും.
ഏഴ് പൂരങ്ങളില്‍ ആദ്യത്തേത് വേങ്ങൂരും അവസാനത്തേത് ഇരിങ്ങോള്‍ പൂരവുമാണ്. ഏഴ് ക്ഷേത്ര ങ്ങളിലെയും പൂരങ്ങള്‍ ഐതിഹ്യപരമായി തിരുനായത്തോട് സംഗമിച്ചിരുന്നു. ഓരോ ക്ഷേത്രങ്ങളിലും പൂരങ്ങള്‍ നടക്കുമ്പോള്‍ മറ്റ് ആറിടങ്ങളിലെ ദേവിമാര്‍ എഴുന്നള്ളിയെത്തി മാറിമാറി സംഗമിക്കുകയും അവസാനം ശിവനാരായണന്മാരുടെ മുമ്പില്‍ സംഗമിക്കുകയുമായിരുന്നു ആചാരം.
28ന് വേങ്ങൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടെ കൂട്ടപൂരങ്ങള്‍ക്ക് തുടക്കമാകും. 29ന് മാണിക്കമംഗലം കാര്ത്ത്യായനീദേവീ ക്ഷേത്രത്തിലെ പൂരം. 30ന് ചെങ്ങല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരം. 31ന് എടാട്ട് ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ പൂരം. ഏപ്രില്‍ 1ന് ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ പൂരം. ഏപ്രില്‍ 2ന് തിരുനായത്തോട് ശിവനാരായണദര്ശനവും പൂരസംഗമവും. ഏപ്രില്‍ 3ന് എഴിപ്രം ഭഗവതി ക്ഷേത്രത്തില്‍ പൂരം. ഏപ്രില്‍ 4ന് ഇരിങ്ങോള്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടെ കൂട്ടപൂരങ്ങള്‍ക്ക് സമാപനമാകും.
കെ.പി.ഹരി, പി.എന്‍.മുരളീധരന് നായര്‍, പി.കെ.നാരായണന് നായര്‍, എം.എന്‍.കൃഷ്ണന് നമ്പൂതിരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: