കൊളംബോ: യു.എന്‍ മനുഷ്യാവകാശ സമിതി പ്രമേയത്തിന് അനുകൂല വോട്ട് ചെയ്ത ഇന്ത്യക്ക് ശ്രീലങ്കന്‍ മാധ്യമങ്ങളുടെ വിമര്‍ശനം. ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിക്കാനും പ്രമേയത്തിനു പിന്തുണയില്ലെന്നു സമര്ഥിക്കാനുമാണു ലങ്കന്‍ പത്രങ്ങള്‍ കൂടുതലും ശ്രദ്ധിച്ചത്.
വെറും ഒരു വോട്ടിനാണു പ്രമേയം അംഗീകരിച്ചതെന്നും 23 രാജ്യങ്ങള്‍ വോട്ടിങ്ങിനെ എതിര്‍ത്തെന്നും “ദ് ഡെയ് ലി ന്യൂസ്’. ചില്ലുമേടകളിലിരുന്നു കല്ലെറിയുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പത്രം ഉപദേശിച്ചു. അസമത്വത്തിനെതിരെയുള്ള പരാജയമെന്നു “ദ് ഐലന്‍ഡ്’ “ഇന്‍ഫൊ ലങ്ക. കോം’ എന്നിവ എഴുതി.
യുഎസ് സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇന്ത്യ അനുകൂല വോട്ട് രേഖപ്പെടുത്തിയതെന്നു “ദ് ഐലന്‍ഡ്’. സാര്‍ക് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന മിക്ക രാജ്യങ്ങളും യു.എന്‍ സുരക്ഷാസമിതിയിലെ രണ്ട് ഏഷ്യന്‍ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചത് ഉചിതമായില്ലെന്നും പത്രം. വോട്ടെടുപ്പിനെ തള്ളിക്കളയണമെന്നു “സണ്‍ഡേ ലീഡര്‍’ ആവശ്യപ്പെട്ടു.
എല്‍ടിടിഇ- ലങ്കന്‍ സേന അന്തിമ പോരാട്ടത്തില്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ശ്രീലങ്കയ്ക്കെതിരേ യുദ്ധക്കുറ്റം ചുമത്തണമെന്നു നിര്‍ദേശിക്കുന്നതാണു പ്രമേയം. ജനീവയില്‍ നടന്ന വോട്ടെടുപ്പില്‍ 15നെതിരേ 24 വോട്ടുകള്‍ക്കു പ്രമേയം പാസായി. എട്ടു രാജ്യങ്ങള്‍ വിട്ടു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: