കോഴിക്കോട്: സി.പി.എം സൈനികകോടതിയുടെ ഉന്നത അധികാരിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം. സാദിഖലി, സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സി.പി.എം സൈനികകോടതിയുടെ കോര്‍ട്ട് മാര്‍ഷല്‍ ജനറലാണ് പിണറായി വിജയന്‍. കണ്ണൂരിലെ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ പ്രസ്താവന വ്യക്തമാക്കുന്നത് കേരളത്തില്‍ പാര്‍ട്ടി കോടതി പ്രവര്‍ത്തിക്കുന്നുവെന്നാണ്. പാര്‍ട്ടി സെക്രട്ടറിയെ വഴിയില്‍ തടഞ്ഞുവെന്നാരോപിച്ച് ഷുക്കൂര്‍ എന്ന യുവാവിനെ വിചാരണചെയ്യുകയും വധ ശിക്ഷക്ക് വിധേയമാക്കുകയും ചെയ്ത സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ പുറത്ത് കൊണ്ട് വരണം. ലീഗ് അധികാരത്തിലിരിക്കുന്ന കാലത്ത് എല്ലാം സി.പി.എം കണ്ണൂരില്‍ ലീഗ് വിരുദ്ധവികാരമുണ്ടാക്കി അക്രമം സൃഷ്ടിക്കാറുണ്ട്. ഇത്തരം പ്രവണതകളെ യൂത്ത് ലീഗ് നോക്കി നില്‍ക്കില്ല. ഇതിന്റെ ഭാഗമായി സമൂഹ മനസാക്ഷിയെ ഉണര്‍ത്താന്‍ ഏപ്രില്‍ ഒന്നിന് കേരളത്തിലെ മുഴുവന്‍ മണ്ഡല തലങ്ങളിലും സി.പി.എം പാര്‍ട്ടി കോടതിക്കെതിരെ ജനകീയ വിചാരണ സംഘടിപ്പിക്കുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: