ന്യൂദല്‍ഹി: കടക്കെണിയിലായ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വിധി രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ണയിക്കപ്പെടും. ദി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവി ഭരത് ഭൂഷണും കിങ്ങ്ഫിഷര്‍ മേധാവി വിജയ് മല്യയും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചക്കുശേഷമുള്ള റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അയക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യോമയാന മന്ത്രാലയം കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നതും സമയക്രമം പാലിക്കാന്‍ സാധിക്കാത്തതും കിങ്ങ്ഫിഷറിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാകാന്‍ ഇടയാക്കിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടേക്കും.
സുരക്ഷാമാനദണ്ഡങ്ങളും കുടിശിക വ്യവസ്ഥയും പാലിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കിങ്ങ്ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കേണ്ടിവരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ ത്തുടര്‍ന്ന് കിങ്ങ്ഫിഷര്‍ എല്ലാ വിദേശ സര്‍വീസുകളും റദ്ദാക്കിയിരുന്നു.
പ്രതിസന്ധിയെ അതിജീവിക്കുന്നതിന് എയര്‍ലൈന്‍സ് തയ്യാറാക്കിയ പദ്ധതി സംബന്ധിച്ച് ഡിജിസിഎ അധികൃതര്‍ക്ക് ആശങ്കയുണ്ടെന്നും ചര്‍ച്ചക്കുശേഷം ഭരത് ഭൂഷണ് വ്യക്തമാക്കി. വന്‍ കടബാധ്യതയാണ് കിങ്ങ്ഫിഷറിനുള്ളത്. ഇതിന് മുമ്പ് നടന്ന ചര്‍ച്ചയില്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്കിക്കൊള്ളാമെന്ന ഉറപ്പ് എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കിയെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും ഭരത് ഭൂഷണ് അറിയിച്ചു. ഇപ്പോള്‍ 20 വിമാന സര്‍വീസുകള്‍ മാത്രമാണ് കിങ്ങ്ഫിഷര്‍ നടത്തുന്നത്. ഈ സര്‍വീസുകള്‍ നിലനിര്‍ത്തുമെന്ന് ഉറപ്പ് നല്‍കിയതായി പ്രശ്നപരിഹാര ചര്‍ച്ചക്കുശേഷം മല്യ പറഞ്ഞു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാവല്‍ അസോസിയേഷന് കിങ്ങ്ഫിഷറിനെ പുറത്തിക്കിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്താന്‍ സാധ്യമല്ലെന്നും മല്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: