സോള്‍: യുഎസുമായി ആണവപദ്ധതി തയ്യാറാക്കുന്നതിന് ഇടനിലക്കാരനാകാന്‍ വടക്കന്‍ കൊറിയ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധകരെ ക്ഷണിച്ചു. ഉപഗ്രഹ വിക്ഷേപണവുമായി മുന്നോട്ട് പോകുമെന്ന് ഏതാനും ദിവസംമുമ്പ് കൊറിയ അറിയിച്ചിരുന്നു. യുഎന്‍ തീരുമാനത്തെ അവഗണിച്ചുകൊണ്ട് അടുത്തമാസം ഉപഗ്രഹം വിക്ഷേപിക്കുമെന്ന കൊറിയയുടെ തീരുമാനം വ്യാപകമായ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. കൊറിയ ഉദ്ദേശിക്കുന്നത് ദീര്‍ഘദൂര മിസെയിലിന്റെ പരീക്ഷണമാണെന്നും ഇത് ആണവ യുദ്ധത്തിന് വഴിയൊരുക്കുമെന്നുമായിരുന്നു വിമര്‍ശകരുടെ വാദം.
ഭാഗികമായി ആണവപദ്ധതി മരവിപ്പിക്കുകയാണെങ്കില്‍ ആവശ്യമായ ഭക്ഷ്യധാന്യം നല്‍കുമെന്ന് അമേരിക്ക ഫെബ്രുവരി 29 ന് കൊറിയയ്ക്ക് ഉറപ്പ്നല്‍കിയിരുന്നു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ഉപഗ്രഹവിക്ഷേപണം കൊറിയ നടത്തിയാല്‍ ഉഭയകക്ഷി തീരുമാനത്തില്‍നിന്നും പിന്മാറുമെന്നും അമേരിക്ക അറിയിച്ചു. ഉപഗ്രഹ വിക്ഷേപണവും അമേരിക്കയുമായുള്ള ഉടമ്പടിയും രണ്ടാണെന്നായിരുന്നു ചീഫ് ന്യൂക്ലിയര്‍ നെഗോഷിയേറ്റര് റി-യോങ്ങ്-ഹോ കഴിഞ്ഞ ദിവസം ബെയ്ജിങ്ങില്‍ പറഞ്ഞത്. യുഎസുമായുള്ള വ്യവസ്ഥ പൂര്‍ണമായും കൊറിയ പാലിക്കും. വ്യവസ്ഥ നടപ്പിലാക്കുന്നതിനുവേണ്ടി അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ ഉദ്യോഗസ്ഥരെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടുണ്ട്.
ദശാബ്ദങ്ങളായി ആണവ ആയുധങ്ങളുടെ അളവ് കുറക്കാന്‍ കൊറിയ നടത്തുന്ന ശ്രമങ്ങളെ ഉടമ്പടിയില്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ വ്യവസ്ഥപ്രകാരം യുറേനിയം സമ്പുഷ്ടീകരണ പരിപാടിയും ദീര്‍ഘദൂര മിസെയിലിന്റെ പരീക്ഷണ വിക്ഷേപണവും നിര്‍ത്തിവെക്കണമെന്നും പകരമായി 24,000 ടണ്‍ ഭക്ഷ്യധാന്യം നല്‍കുമെന്ന് അമേരിക്ക വാഗ്ദാനം നല്കുന്നു. മൂന്നുവര്‍ഷം മുന്നെ പുറത്താക്കിയ ഐഎഇഎ പരിശോധകരെ രാജ്യത്ത് പ്രവേശിപ്പിക്കാമെന്നും കൊറിയ വാഗ്ദാനം ചെയ്യുന്നു.
മിസെയില്‍ പരീക്ഷണമല്ല സമാധാനപരമായ ഉപഗ്രഹമാണ് വിക്ഷേപിക്കുന്നതെന്നാണ് കൊറിയന്‍ വാദം. എന്നാല്‍ യുഎസ്, ജപ്പാന്, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തു. ഐഎഇഎയുടെ സാന്നിദ്ധ്യം നേട്ടമാണെന്നായിരുന്നു യുഎസ് വക്താവ് വിക്ടോറിയ ന്യൂലാന്റിന്റെ അഭിപ്രായം. എന്നാല്‍ ഉപഗ്രഹവിക്ഷേപണം പരസ്പ്പര ധാരണയുടെ ലംഘനമായി കണക്കാക്കും. 2006 ല്‍ ഉപഗ്രഹം വിക്ഷേപിച്ച് മൂന്നുമാസത്തിന് ശേഷമാണ് ആദ്യം ന്യൂക്ലിയര്‍ ടെസ്റ്റ് നടത്തിയത്. 2009 ലും ഇത് ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: