ന്യൂദല്‍ഹി: മൂന്നാം മുന്നണി രൂപീകരിക്കാന്‍ യാതൊരു നീക്കവും നടത്തുന്നില്ലെന്ന് നിയുക്ത യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്. പശ്ചിമബംഗാള്‍-തമിഴ്നാട് മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞാചടങ്ങിന് ക്ഷണിച്ചത് കീഴ്വഴക്കത്തിന്റെ ഭാഗം മാത്രമാണ്. ലോക്സഭയില്‍ മാധ്യമപ്രതിനിധികളോടും വ്യത്യസ്തപാര്ട്ടിയിലെ എംപിമാരോടും സംസാരിക്കവെ ഇടതുപക്ഷ പാര്ട്ടികളോടോ മറ്റ് പാര്ട്ടികളോടോ മൂന്നാംമുന്നണിയെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
മൂന്നാം മുന്നണി രൂപീകരിക്കാന്‍ എന്തെങ്കിലും നീക്കം നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഇല്ല എന്ന് അഖിലേഷ് മറുപടി നല്കി.
39 കാരനായ അഖിലേഷ് യാദവ് സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്തയുടെ കൂടെ പാര്‍ലമെന്റിന് പുറത്ത് കണ്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്റെ ബാധ്യത ഉത്തര്പ്രദേശിനോടായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉത്തര്‍പ്രദേശിനെ എല്ലാ തെറ്റുകളില്‍നിന്നും സംരക്ഷിക്കണം. പാര്‍ട്ടിയുടെ നയപരിപാടികളാണ് ഉത്തര്‍പ്രദേശില്‍ നടപ്പാക്കുന്നത്.
മൂന്നാം മുന്നണി സംബന്ധിച്ച തീരുമാനം പാര്‍ട്ടി തലവന്‍ മുലായംസിംഗ് യാദവും മറ്റ് ദേശീയ നേതാക്കന്മാരും ചേര്‍ന്ന് തീരുമാനിക്കും. എന്ത് ചുമതല തന്നാലും ഞാനത് സ്വീകരിക്കുമെന്നും അഖിലേഷ് പറഞ്ഞു.പതിനഞ്ചാം തീയതിയാണ് അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അതേ സമയം അധികാരത്തിലേറിയതിന്റെ രണ്ടാംനാള്‍ പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്താനാണ് അഖിലേഷ് യാദവിന്റെ ലക്ഷ്യം. പാര്‍ട്ടി മുഖംമിനുക്കലിന്റെ ഭാഗമായി പാര്‍ട്ടി സെക്രട്ടറി രാജീവ് രവിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും നടത്തിയതിനാണ് രാജീവിനെ പുറത്താക്കിയതെന്നാണ് അഖിലേഷിന്റെ വിശദീകരണം.
അഖിലേഷുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെന്നും പാര്‍ട്ടിക്കുവേണ്ടി പല പ്രസ്താവനകള്‍ നടത്താന്‍ ഇവര്‍ ശ്രമിക്കുന്നതായും അഖിലേഷുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പാര്‍ട്ടി നേതാവും അച്ഛനുമായ മുലായംസിംഗ് യാദവിന്റെ ഭരണകാലത്ത് ചില അഴിച്ചുപണികള്‍ നടന്നിട്ടുണ്ടെങ്കിലും അതിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയാണ് അഖിലേഷ്. അതിനായി ദല്‍ഹിയിലേക്ക് പറന്ന അഖിലേഷ് സാമ്പത്തിക ക്ലാസുകളില്‍ പഠനം നടത്തിയിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ ചില അഴിച്ചുപണികള്‍ നടക്കുകയാണെന്നും ചില പുതിയ നിയമനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുലായംസിംഗ് യാദവും വ്യക്തമാക്കി. പാര്‍ട്ടി സെക്രട്ടറിയെ പുറത്താക്കിയതിന് അഖിലേഷിന് അഭിനന്ദനവും മുലായം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: