ന്യൂദല്‍ഹി: ബുധനാഴ്ച അവതരിപ്പിക്കാനിരിക്കുന്ന റെയില്‍വേ ബജറ്റില്‍ അതിവേഗ ട്രെയിനുകള്‍ക്കും സാധ്യത. തലസ്ഥാന നഗരിയെ ജോധ്പൂര്‍, മുംബൈ എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനുകള്‍ ബുധനാഴ്ച അവതരിപ്പിക്കാനിരിക്കുന്ന റെയില്‍വെ ബജറ്റ് 2012-13 ല്‍ റെയില്‍വെമന്ത്രി ദിനേഷ് ത്രിദേവി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
അഞ്ച്സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പരുങ്ങലിലായ കേന്ദ്രസര്‍ക്കാര്‍ ജനഹിത പ്രഖ്യാപനങ്ങള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍ഗണന നല്‍കുക. 26 പുതിയ ട്രെയിനുകള്‍ ഈ മാസംതന്നെ ഫ്ലാഗ് ഓഫ് ചെയ്യാനും സാധ്യതയുണ്ട്. രാജ്യത്തിന്റെ ഉത്തര കിഴക്കന്‍ ഭാഗങ്ങളിലേക്ക് ട്രെയിനുകള്‍ അനുവദിക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യവും ബജറ്റില്‍ അംഗീകരിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ദല്‍ഹി-ജയ്പൂര്‍-അജ്മീര്‍-ജോധ്പൂര്‍ വരെയുള്ള 591 കി.മീ ദൂരമാണ് അതിവേഗ ട്രെയിന്‍ ഓടുക. ഈ മേഖലയില്‍ മണിക്കൂറില്‍ 350 കി.മീ ഓടാന്‍ കഴിയുന്ന ബുള്ളറ്റ് ട്രെയിനുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 14 മുതല്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഈ മേഖലയില്‍ ഓടിത്തുടങ്ങും. ദല്‍ഹി-മുംബൈ റൂട്ടില്‍ മണിക്കൂറില്‍ 200 കി.മീ വേഗതയില്‍ ഓടാന്‍ സാധിക്കുന്ന അതിവേഗ ട്രെയിനുകളാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്. 200 കോടി രൂപയുടെ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്.
ഉന്നത നിലവാരത്തിലുള്ള ആശയവിനിമയ സംവിധാനവും അപകട സിഗ്നല്‍ സാങ്കേതികവിദ്യയും അടങ്ങിയതായിരിക്കും അതിവേഗ ട്രെയിനുകള്‍. ഇക്കാര്യങ്ങളെല്ലാം ബജറ്റിനിടെ ത്രിദേവി വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2,500 പരിസ്ഥിതി-സൗഹൃദ ശൗചാലയങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
തെക്ക് കിഴക്കന്‍ മേഖലയിലേക്ക് ട്രെയിനുകള്‍ അനുവദിക്കാനുള്ള തീരുമാനം ഇടഞ്ഞുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേമന്ത്രിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ തൃപ്തിപ്പെടുത്താനാണെന്നും വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: