ധര്‍മശാല: തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ആത്മാഹുതിയെ നിരുത്സാഹപ്പെടുത്തിയിരുന്നുവെന്ന് പ്രവാസത്തില്‍ കഴിയുന്ന ടിബറ്റന്‍ പ്രധാനമന്ത്രി ലോബ്സങ്ങ് സാംഗെ. ചൈനയുടെ കടുത്ത നടപടികളാണ് ഇതിനെ പ്രോത്സാഹിപ്പിക്കുന്നത്.
ദലൈലാമയും സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷനും ആത്മാഹുതി പോലുളള കടുത്ത നടപടികളെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. എങ്കിലും 2012 ല്‍ 14 ആത്മാഹുതി കേസുകള്‍ നടന്നതായി ടിബറ്റന്‍ നാഷണല്‍ അപ്രൈസിംഗ്ദിനത്തില് സംസാരിക്കവെ സാംഗെ പറഞ്ഞു. ടിബറ്റന്‍ സന്ന്യസിമാര്‍ ആത്മാഹുതി ചെയ്യുന്നതിന് അദ്ദേഹം ചൈനയെ കുറ്റപ്പെടുത്തി.
കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്ന ബൈയ്ജിംഗാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്. സോഷ്യലിസ്റ്റ് സ്വര്‍ഗം എന്ന് വിളിക്കുന്ന ചൈനയുടെ പൊള്ളയായ വാഗ്ദാനങ്ങളുടെ തിരസ്കരണമാണ് ആത്മാഹുതി. മലമുകളിലുള്ള തുഗ്ലഖാങ്ങ് ക്ഷേത്രത്തില്‍ ആയിരക്കണക്കിനായ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ലോബ്സാംഗ്. പരിപാടിയില്‍ ദലൈലാമയും പങ്കെടുത്തു.
ടിബറ്റന്‍ സമരം ചൈനയിലെ ജനങ്ങള്‍ക്കെതിരെയോ ചൈന എന്ന രാഷ്ട്രത്തിനെതിരെയോ അല്ല. പീപ്പിള്‍ റിപ്പബ്ലിക് ഓഫ് ചൈന ഗവണ്മെന്റിന്റെ നയങ്ങള്‍ക്കെതിരെയാണ്. ടിബറ്റിലെ പ്രശ്നങ്ങളുടെ ആഴം ചൈന മനസിലാക്കണം. അത് അക്രമത്തില്‍ക്കൂടി പരിഹരിക്കാന്‍ സാധ്യമല്ല. ചൈനീസ് ഭരണഘടനയുടെ കീഴില്‍ ടിബറ്റിലെ ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. ദലൈലാമയുമായി ചൈന ചര്‍ച്ചക്ക് തയ്യാറാവണമെന്നും ലോബ്സാംഗ് പറഞ്ഞു. 1959 ല്‍ ചൈനീസ് അധിനിവേശത്തെത്തുടര്‍ന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും എണ്‍പതിനായിരം അനുയായികളും ഇന്ത്യയിലും സമീപരാജ്യങ്ങളിലുമായി പ്രവാസികളാവുകയായിരുന്നു. ലോകത്താകമാനമുള്ള 140,000 ടിബറ്റന്‍ പ്രവാസികളില്‍ 100,000 പേര് ഇന്ത്യയിലാണ് ജീവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: