ഇസ്ലാമാബാദ്: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തലവനായി സഹീര്‍-ഉള്-ഇസ്ലാമിനെ തെരഞ്ഞെടുത്തു. കറാച്ചി സിറ്റിയിലെ ആര്‍മി കമാന്‍ഡറാണ് ഇസ്ലാം. 2008 മുതല്‍ ഐഎസ്ഐ തലവനായി തുടരുന്ന ലഫ്. ജനറല്‍ അഹമ്മദ് ഷൂജ പാഷ മാര്‍ച്ച് 18 ന് പിരിയുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. പുതിയ ഐഎസ്ഐ തലവനായി വരുന്ന ഇസ്ലാമിന് അഫ്ഗാന് താലിബാനുമായി സമാധാനചര്‍ച്ചയില്‍ ഏര്‍പ്പെടാനും യുദ്ധത്തിന് അവസാനമുണ്ടാക്കാന്‍ സാധിക്കുമെന്നുമാണ് കരുതുന്നത്.
1990 കളില്‍ അഫ്ഗാനില്‍ താലിബാന് സംഘടനയുണ്ടാക്കാന്‍ സഹായിച്ചത് പാക് അധികൃതരായിരുന്നു. അതുകൊണ്ടുതന്നെ താലിബാനുമേല്‍ ചില നിയന്ത്രണങ്ങളുണ്ടെന്ന് പാക്കിസ്ഥാന് വിശ്വസിക്കുന്നു. അല്‍ ഖ്വയ്ദ അംഗങ്ങളെ പിടികൂടുന്നതിന് ഐഎസ്ഐ സിഐഎയുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. അമേരിക്കന്‍ സൈന്യം ലാദനെ വധിച്ചതും അബദ്ധത്തില്‍ അമേരിക്കന്‍ സേന 24 പാക് സൈന്യത്തെ അഫ്ഗാന് അതിര്‍ത്തിയില്‍ വധിച്ചതും യുഎസ്-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കെ ഇന്റലിജന്‍സ് സഹകരണം ഇരുരാജ്യങ്ങളും തുടര്‍ന്നിരുന്നു.
സര്‍ക്കാരുമായി ആലോചിച്ചാണ് ഐഎസ്ഐ അതിന്റെ നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. അപ്രതീക്ഷിതമായാണ് സഹീര്‍-ഉള്-ഇസ്ലാമിന്റെ നിയമനം. 2008 മുതല്‍ 2010 വരെ ഇസ്ലാം ഐഎസ്ഐയുടെ ഡപ്യൂട്ടി ഡയറക്ടറായിരുന്നു. ഐഎസ്ഐയുടെ ഇന്റേണല്‍ സെക്യൂരിറ്റി വിംഗിന്റെയും തലവനായിരുന്നു.
പാക് സൈനിക കേന്ദ്രത്തില്‍ ബിന്‍ ലാദനെ സംരക്ഷിച്ചത് ഐഎസ്ഐ ആണെന്ന സംശയം നിലവിലുണ്ട്. ലാദന്റെ സാന്നിധ്യം പാക് മണ്ണില്‍ തിരിച്ചറിയുന്നതിലും അമേരിക്കയുടെ ഏകപക്ഷീയമായ ലാദന് വധം തടയുന്നതിലും ഐഎസ്ഐ പരാജയപ്പെട്ടുവെന്ന് പാക് മിലിട്ടറി കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: