കോന്നി : ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയില്‍ യാത്രചെയ്ത പിഞ്ചു കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പുനലൂര്‍-കല്ലാര്‍ നെല്ലിപ്പള്ളി കരിമ്പിന്‍വിള വീട്ടില്‍ സന്തോഷ് (33ാമക്കളായ നക്ഷത്ര(മൂന്ന്),നിമിഷ(ഒന്‍പത്് മാസം), സന്തോഷിന്റെ ഭാര്യാസഹോദരന്‍ സനല്‍ഭവനില്‍ സനല്‍(26), സനലിന്റെ മാതൃസഹോദരി പത്തനാപുരം പുന്നല കടശ്ശേരി പേഴുംമൂട് ശാന്തമ്മ(63), എന്നിവരാണ് മരിച്ചത്. സന്തോഷിന്റെ ഭാര്യ സൗമ്യ( 30), മാതാവ് ജലജ (72), ബന്ധു ഇന്ദിര (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇന്ദിരയുടെ നില ഗുരുതരമാണ്. മറ്റുരണ്ടുപേരേയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ കൂടല്‍ പോസ്റ്റ്‌ഓഫീസിന് സമീപം ഇന്നലെ വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. പുനലൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന സ്വകാര്യ ബസ്സും എതിര്‍ദിശയിലെത്തിയ ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. ഏറെ ശ്രമിച്ചാണ് നാട്ടുകാര്‍ പരിക്കേറ്റവരെ ഓട്ടോയില്‍ നിന്നും പുറത്തെടുത്തത്.
ജലജയുടെ സഹോദരിയുടെ ചെറുമകളുടെ ഇരുപത്തിയെട്ട്കെട്ട് ചടങ്ങില്‍ പങ്കെടുത്തശേഷം പ്രക്കാനത്തുനിന്ന് പുതിയ ഓട്ടോറിക്ഷയില്‍ പുനലൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
മരിച്ച അഞ്ചുപേരുടേയും മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടവിവരം അറിഞ്ഞ് ജില്ലാ കളക്ടര്‍ പി.വേണുഗോപാലടക്കമുള്ള റവന്യൂ അധികൃതരും ജനപ്രതിനിധികളും ആശുപത്രിയില്‍ എത്തിയിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5000 രൂപാ വീതം അടിയന്തിര ധനസഹായമായി ജില്ലാ കളക്ടര്‍ അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: