പിറവം: പിറവം ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യുഡിഎഫ് ഗൂഢാലോചന നടത്തുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പോലീസിന്റെയും ചില ഉദ്യോഗസ്ഥന്മാര് ഇതിന് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ആരോപിച്ചു.
ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. കെ.ആര്. രാജഗോപാലിന്റെ പര്യടനവാഹനം പോലീസ് പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആരംഭിച്ച പിറവം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഒാഫീസ് ഉപരോധത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ആര്. രാജഗോപാലിന്റെ പര്യടനവാഹനം പിടിച്ചെടുത്തതിന് പിന്നില്‍ യുഡിഎഫ് ഗൂഢാലോചനയാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിറവം സന്ദര്‍ശിച്ച ശേഷമാണ് ഇത്തരം ഗൂഢാലോചന നടന്നിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപരോധവിവരമറിഞ്ഞ് നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പിറവം പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. പിന്നീട് എഡിഎം റൂറല്‍ എസ്പി എന്നിവരുമായി ബന്ധപ്പെട്ട് ചര്‍ച്ചക്കുശേഷം വാഹനം വിട്ടുകൊടുക്കാന്‍ ധാരണയാവുകയും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പോലീസ് സ്റ്റേഷനില്‍ എത്തി എ.എന്‍. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ഉപരോധസമരം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന് ഏകപക്ഷീയമായി ശിക്ഷാ നടപടികളെടുക്കുന്നത് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫിന്റെ ചട്ടുകമായി മാറുന്നത് ബിജെപി അനുവദിക്കില്ലെന്നും ഇനിയും ഇത്തരത്തില്‍ വിവേചനപൂര്‍വം നടപടികളെടുത്താല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും വി.മുരളീധരന് പ്രഖ്യാപിച്ചു. മോചിപ്പിച്ച പര്യടനവാഹനവുമായി വി.മുരളീധരന്റെയും എ.എന്‍. രാധാകൃഷ്ണന്റെയും നേതൃത്വത്തില്‍ പിറവം ടൗണില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: