ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ തലയില്‍വച്ച് കെട്ടി രാഹുല്‍ഗാന്ധിയെ വെള്ളപൂശാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയയുടെ ശ്രമം. പാര്‍ട്ടിയുടെ പരാജയത്തിന് കാരണം വിലക്കയറ്റമാണെന്ന് സോണിയ ഇന്നലെ നടത്തിയ പ്രസ്താവന മന്‍മോഹനെ ലക്ഷ്യമിട്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം യുപിയിലെ പരാജയത്തിന് ഇടയാക്കിയത് കോണ്‍ഗ്രസിന് സംഘടനാശക്തിയില്ലാത്തതാണെന്ന് പറഞ്ഞ സോണിയ അവിടെ പാര്‍ട്ടി പ്രചാരണത്തിന് നേതൃത്വം നല്‍കിയ രാഹുലിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു സോണിയ.
വിലക്കയറ്റമായിരിക്കാം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് പറഞ്ഞ സോണിയ ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, കര്‍ണാടക തെരഞ്ഞെടുപ്പുകളെ കോണ്‍ഗ്രസ് ശക്തമായി നേരിടുമെന്ന് അവകാശപ്പെട്ടു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലെ പരാജയത്തെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് കോര്‍ കമ്മറ്റി ചേര്‍ന്നത്. യോഗത്തില്‍ തെരഞ്ഞെടുപ്പ് പരാജയം സംഭവിച്ച സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതാക്കളും പങ്കെടുത്തിരുന്നു.
സംഘടന ശക്തമല്ലാത്തതും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ വന്ന പിഴവുമാണ് യുപിയിലെ പരാജയകാരണം. ശരിയായ നേതൃത്വമില്ലാത്തതല്ലേ കാരണമെന്ന ചോദ്യത്തില്‍നിന്ന് സോണിയ ഒഴിഞ്ഞുമാറി. കൂടുതല്‍ നേതാക്കളുള്ളതാണ് പ്രശ്നമാണെന്നായിരുന്നു മറുപടി. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അവിടെ മുമ്പും പരാജയം സംഭവിച്ചിട്ടുണ്ടെന്നായിരുന്നു പ്രതികരണം. ഇപ്പോഴത്തെ എംഎല്‍എമാരോട് ജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. പഞ്ചാബിലും സര്‍ക്കാരുണ്ടാക്കാമെന്നാണ് കരുതിയതെങ്കിലും പഞ്ചാബ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ആ സാധ്യത നശിപ്പിച്ചതെന്ന് സോണിയ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പരാജയത്തിന് ഉത്തരവാദി രാഹുല്‍ഗാന്ധിയാണെന്ന് വ്യാപകമായ വിമര്‍ശനം ഉയരുകയും പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുല്‍ ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് മകനെ കുറ്റവിമുക്തനാക്കിയും മന്‍മോഹനെ പരോക്ഷമായി കുറ്റപ്പെടുത്തിയും സോണിയ രംഗത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: