മരട്: പിറവം തെരഞ്ഞെടുപ്പുകോലാഹലങ്ങളില്പ്പെട്ട് പാഴൂര്‍ കുടിവെള്ള പദ്ധതിയും പെരുവഴിയിലായി. ഇതോടെ ഈ വേനലിലും മരട് നഗരസഭ, പശ്ചിമകൊച്ചി, കുമ്പളം, കുമ്പളങ്ങി ചെല്ലാനം പഞ്ചായത്തുകളില്‍ കുടിവെള്ള പ്രശ്നം രൂക്ഷമാകും. ജവഹര്‍ലാല്‍ നെഹ്റു നഗര നവീകരണ പദ്ധതി (ജനോറം)യില്‍ ഉള്‍പ്പെടുത്തി 201 കോടിരൂപ ചെലവില്‍ ആരംഭിച്ചതാണ് പാഴൂര്‍ കുടിവെള്ള പദ്ധതി. വെള്ളം കൊണ്ടുവരേണ്ടത്. പിറവം നിയോജക മണ്ഡലത്തിലെ പാഴൂരുനിന്നായതാണ് പദ്ധതി സാങ്കേതിക കുരുക്കില്‍ അകപ്പെട്ടത്.
മൂവാറ്റുപുഴയാറിലെ വെള്ളം പാഴൂര്‍ പടിയില്‍നിന്നും പൈപ്പുവഴി കൊണ്ടുവന്ന് മരടില്‍ ശുദ്ധീകരണ കേന്ദ്രത്തിലെത്തിച്ച് അവിടെനിന്നും വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പാഴൂര്‍ പദ്ധതി. പാഴൂരില്നിന്ന് ആരക്കുന്നം വരെയുള്ള 5 കിലോമീറ്റര്‍ പൈപ്പിടുന്ന ജോലികളാണ് തെരഞ്ഞെടുപ്പുകാരണം ഇപ്പോള്‍ അനിശ്ചിതത്ത്വത്തിലായിരിക്കുന്നത്. ആരക്കുന്നത്ത് ഭൂമിക്കടിയില്‍ 70 സെന്റ് സ്ഥലത്ത് ജലസംഭരണി നിര്‍മിക്കുന്ന ജോലിയും ആരംഭിച്ചിട്ടില്ല.
പാഴൂരില്‍നിന്നും ആരക്കുന്നത്തേക്ക് പൈപ്പിടുന്നതില്‍ ഉണ്ടായിരിക്കുന്ന തര്‍ക്കമാണ് അനിശ്ചിതത്വത്തിനു കാരണമായിതീര്‍ന്നിരിക്കുന്നത്. പ്രശ്നത്തിനു രാഷ്ട്രീയ പരിഹാരം ഉണ്ടാകാതെ ടാങ്ക് എങ്ങിനെ നിര്‍മിക്കണം എന്നകാര്യം തീരുമാനിക്കാന്‍ കഴിയില്ലെന്നതാണ് പ്രധാന സാങ്കേതിക തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്.
ആരക്കുന്നത്തുനിന്നും 20 കിലോമീറ്റര്‍ ദൂരമുള്ള മരട് നെട്ടൂരിലെ ശുദ്ധീകരണ ശാലയിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പിടല്‍ അന്തമഘട്ടത്തിലാണ്.
മരടിലെ ട്രീറ്റ് മെന്റ് പ്ലാന്റിന്റെ നിര്‍മാണവും പൂര്‍ത്തിയായിവരികയാണ്. ജൂലൈയോടെ ജോലികള്‍ മുഴുവനും തീര്‍ന്ന് പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകും. പക്ഷെ ഇതുകൊണ്ടൊക്കെ എന്തുഫലം എന്ന ചോദ്യമാണ് ഉയരുന്നത്. കാരണം റോഡുവെട്ടിപ്പൊളിക്കുന്നതിനെതിരെയുള്ള തര്‍ക്കം ആദ്യം തീര്‍ക്കണം. അതിന് തെരഞ്ഞെടുപ്പു കഴിയണം. അപ്പേഴേക്കും വേനലും കടുക്കും. കുടിവെള്ളത്തിനു കാത്തിരുന്നവര്‍ക്ക് ഈ വേനലിലും നിരാശ മാത്രമായിരിക്കും ഫലം എന്നു ചുരുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: