കൊച്ചി: നദീ സംയോജനം സംബന്ധിച്ച സുപ്രീം കോടതി വിധി സംസ്ഥാനത്തിന് ബാധകമല്ലെന്ന മുഖ്യമന്ത്രിയുടെ വാദഗതി മുന്‍കൂര്‍ ജാമ്യാപേക്ഷ മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും കേസില്‍ റിവ്യൂ ഹര്‍ജി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
63 പേജുള്ള കോടതി വിധിയുടെ 47 പാരഗ്രാഫില്‍ ഈ പദ്ധതിയുടെ പ്രയോജനങ്ങള്‍ കണക്കിലെടുത്ത് ഒരു സംസ്ഥാനവും കേന്ദ്രവും ഈ പദ്ധതി വേഗത്തില്‍ നടപ്പാക്കുന്നതില്‍നിന്ന് മാറി നില്‍ക്കേണ്ട കാരണമില്ലെന്ന് പറയുന്നുണ്ട്. വിധിയുടെ 63ാം പാരഗ്രാഫില്‍ ഈ പദ്ധതി പൂര്‍ണമായിട്ടും നടപ്പിലാക്കണമെന്നും കോടതി ആവശ്യപ്പെടുന്നു. പമ്പ-അച്ചന്‍കോവില്‍- വൈപ്പാര്‍ പദ്ധതി നടപ്പാക്കാന്‍ തന്നെയാണ് കോടതി വിധി. അതിന്റെ പ്ലാനിങ്ങും നടപ്പാക്കലും ഒരു കമ്മറ്റി ചെയ്യുമെന്ന് മാത്രമാണുള്ളത്. ഇതുവെച്ചു കൊണ്ട് കോടതി വിധിയെതിരല്ലെന്ന മുഖ്യമന്ത്രിയുടെയും നിയമമന്ത്രിയുടെയും നിലപാട് ജനങ്ങളെ കബളിപ്പിക്കലാണ്. പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരിക്കണം സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രശ്നത്തില്‍ പുതിയ സ്റ്റേറ്റ്മെന്റ് കോടതിയില്‍ ഫയല്‍ ചെയ്യുന്നതിനായി രൂപീകരിച്ച നിയമസഭാ ഉപസമിതിയ്ക്ക് അതിന് സാധിച്ചില്ല. ഹൈക്കോടതിയിലെ കേസ് 2012 ജനുവരി 10ന് തീര്‍ന്നതിനാല്‍ ഇനി സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ വീണ്ടും കേരളത്തെ വെട്ടിലാക്കിയിരിക്കുകയാണെന്നും പിസി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ. ബാബു, പ്രൊഫ പ്രകാശ് കുര്യാക്കോസ് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: