അങ്കമാലി: പോലീസുകാരന് ഓട്ടോറിക്ഷ ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചുവാങ്ങി കത്തിച്ചുകളഞ്ഞതായി പരാതി. അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന സിബീഷ് ജെയിംസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ആണ് പിടിച്ച് വാങ്ങി കത്തിച്ചു കളഞ്ഞതായി ആരോപിച്ചുകൊണ്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. പോലീസ് സ്റ്റേഷന്റെ മുന്‍വശത്തുള്ള ഈ സ്റ്റാന്‍ഡില്‍നിന്നും സിവില്‍ വേഷത്തില്‍ കയറിയ പോലീസുകാരന് അങ്കമാലിയിലെ ലോഡ്ജിലേക്ക് പോകുന്നവഴി ഓട്ടോറിക്ഷ ഒരു ഗട്ടറില്‍ ചാടിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷ പോലീസ് സ്റ്റേഷനില്‍ പിടിച്ചിടുകയും ചെയ്തു. പിന്നീട് മൊബെയില്‍ഫോണും ഡ്രൈവിംഗ് ലൈസന്‍സും പിടിച്ചുവച്ചാണ് ഓട്ടോറിക്ഷ സിബീഷിന് തിരിച്ചുകൊടുത്തത്. മൊബെയില്‍ ഫോണ്‍ കൊടുത്തെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് കൊടുക്കുവാന്‍ പോലീസുകാരന് തയ്യാറായില്ല. അങ്കമാലി പോലീസ് സ്റ്റേഷനില്‍നിന്നും കോതമംഗലം സ്റ്റേഷനിലേക്ക് സ്ഥലം മാറിപോയ ഞാലൂക്കര സ്വദേശി ഉണ്ണികൃഷ്ണന് എതിരായിട്ടാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് സിബിഷ് പരാതി നല്‍കിയിട്ടുള്ളത്. ഇദ്ദേഹം ചോദിച്ച കൈക്കൂലിയും മദ്യവും കൊടുക്കാത്തതുകൊണ്ടാണ് ഡ്രൈവിംഗ് ലൈസന്‍സ് കത്തിച്ചു കളഞ്ഞതെന്നും പരാതിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: