കാബൂള്‍: വടക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ കടുത്ത ഹിമപാതത്തില്‍ 200 പേരടങ്ങിയ ഒരു ഗ്രാമത്തെത്തന്നെ ഇല്ലാതാക്കി. അതില്‍ 47 പേരുടെ മരണം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
കുറേപ്പേര് വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും അവര്‍ക്ക് ജീവനുണ്ടെന്നും വിശ്വസിക്കുന്നതായി ബാദക്ഷാന്‍ പ്രവിശ്യയിലെ ഡപ്യൂട്ടി ഗവര്‍ണര്‍ ഷംസ് ഉല് റഹ്മാന് പറഞ്ഞു. ഞായറാഴ്ച രാത്രിയിലുണ്ടായ ഹിമപാതം ഇപ്പോഴും തുടരുകയാണെന്നും മഞ്ഞുവീഴ്ചയില്‍ വീടിനുള്ളില്‍ കുടുങ്ങിയവര്‍ മരിക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമത്തിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ആഭ്യന്തരമന്ത്രി ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്നും റഹ്മാന് അറിയിച്ചു. തൊട്ടടുത്ത ഗ്രാമവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം അപകടസ്ഥലത്തെത്തിയത്. കൂടാതെ ദര്‍വാസ് ജില്ലയില്‍നിന്നും രണ്ട് ദിവസമെടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ ഇവിടെയെത്തിയിരിക്കുന്നത്.
നൂറോളം രക്ഷാപ്രവര്‍ത്തകരാണ് ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ മഞ്ഞില്‍ തെരയുന്നതെന്നും പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ച് മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് രക്ഷപ്പെട്ടിട്ടുള്ളതെന്നും ഹിമപാത സമയത്ത് അവര്‍ ഗ്രാമത്തില്‍ ഇല്ലാത്തതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് റഹ്മാന് പറഞ്ഞു.
47 പേരുടെ മരണം സ്ഥിരീകരിച്ചതായി അഫ്ഗാനിസ്ഥാന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ജനറല്‍ ഡയറക്ടര്‍ മുഹമ്മദ് ദായിം കാക്കര്‍ അറിയിച്ചു.
ഹിമപാതത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് കാബൂളിലെ യുഎസ് എംബസി ദുഃഖം രേഖപ്പെടുത്തി. യുഎസ്എഐഡിയുടെ യുഎസ് ഫോറിന് അസിസ്റ്റന്‍സ് താജിക്കിസ്ഥാനുമായി ചേര്‍ന്ന് ദുരന്തമനുഭവിക്കുന്നവര്‍ക്ക് ടെന്റുകള്‍ നിര്‍മിക്കുവാനുള്ള സാധനങ്ങള്‍, പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവ നല്കാന് തീരുമാനമെടുത്തിട്ടുണ്ട്.
വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ സാധാരണയായി ഇത്തരം ഘാതക ഹിമപാതങ്ങള്‍ ഉണ്ടാകാറുണ്ട്. 2010 ഫെബ്രുവരിയിലുണ്ടായ ഹിമപാതത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 170 പേര് മഞ്ഞില്‍ കുടുങ്ങുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: