Categories: Samskriti

ഗോമാതാ സര്‍വ്വലോക ജനനി

Published by

ഗോമാതാവ്‌ സര്‍വ്വലോകജനനി മാത്രമല്ല വേദജനനിയുമാണ്‌. ഉപനിഷത്തിലും ശ്രുതികളിലും പുരാണങ്ങളും പശുവിന്റെ ഗുണഗണങ്ങളെ വളരെയധികം വര്‍ണിക്കുന്നുണ്ട്‌. നമ്മുടെ സംസ്കാരം മാതാവ്‌, ഗോമാതാ, ഭാരതമാതാ, ഗായത്രിമാതാ, ഗംഗാ മാതാ ഇവരെയെല്ലാം ഏറ്റവും ആദരണീയരായിരിക്കെ രുതി പൂജിച്ചിരുന്നു എന്നോര്‍ക്കണം.

ഗോമാതാവിനെക്കുറിച്ച്‌ സ്കന്ദപുരാണം അവന്തിഖണ്ഡത്തില്‍ ഇപ്രകാരം വര്‍ണിക്കുന്നു.

“ഗോവ പ്രദക്ഷിണീകാര്യ വന്ദനീയാ ഹി നിത്യശഃ

മംഗളായതനം ദിവ്യാഃ സൃഷ്ടാസ്ത്വേതാഃ സ്വയം ഭൂവാ

അപ്യാഗാരാണി വിപ്രാണാം ദേവതായ തനാനിച

യദ്ഗോമയേന ശുദ്ധ്യ്യന്തി കിംബ്രൂമോഹ്യധികം തതഃ

ഗോമൂത്രം ഗോമയം ക്ഷീരം ദധിസര്‍പ്പിസ്തഥൈവച

ഗവാം പഞ്ചപവിത്രാണി പുനന്തിസകലം ജഗത്‌

ഗാവോമേചാഗ്രതോ നിത്യം ഗാവഃ പൃഷ്ഠത ഏവച

ഗാവോ മേ ഹൃദയേചൈവ ഗവാംമദ്ധ്യേവസാമൃഹം”

സാരം : വന്ദനീയയായ ഗോമാതാവിനെ നിത്യവും പ്രദക്ഷിണം വയ്‌ക്കേണ്ടതാണ്‌. ദിവ്യമംഗള സ്വരൂപമായിട്ടാണ്‌ സൃഷ്ടികര്‍ത്താവ്‌ അവളെ ഭൂമിവില്‍ ആവിര്‍ഭവിപ്പിച്ചത്‌. ബ്രാഹ്മണഗൃഹങ്ങളും ക്ഷേത്രങ്ങളും പരിശുദ്ധമാക്കുന്നത്‌ പശുവിന്‌ ചാണകമെന്നതിനാല്‍ പശുവിനെക്കാള്‍ പവിത്രമായി വേറെന്താണുള്ളത്‌. ഗോമൂത്രം, ഗോമയം, ക്ഷീരം, തൈര്‌, നെയ്യ്‌ എന്നീ അഞ്ചുകാര്യങ്ങളാല്‍ സകല ജഗത്തും പവീത്രീകരിക്കപ്പെടുന്നു. മുന്‍പും പിന്‍പും ചുറ്റും ഉള്ള ഗോമാതാക്കളുടെ നടുവില്‍ വസിച്ചുകൊണ്ട്‌ ഞാന്‍ എന്റെ ഹൃദയത്തിലും അവിടുത്തെ പ്രതിഷ്ഠിച്ചോട്ടെ.

ഗോക്കളുടെ അധിഷ്ഠാതൃദേവതയും ആദ്യയും ഗോക്കളുടെ ജനനിയുമായ സുരഭിയുടെ ചരിത്രം ദേവീഭാഗവതത്തില്‍ കാണാം. വൃന്ദാവനത്തില്‍ കൗതുകപൂര്‍വം രാധാദേവിയോടും ഗോപാംഗനകളോടും കൂടി കേളികളില്‍ മുഴുകിയ സമയം രാധാനാഥന്‌ പാലുകുടിക്കാന്‍ ആഗ്രഹമുണ്ടായി. ഉടന്‍ തന്നെ ഭഗവാന്‍ സ്വം ഇടതുവശത്തുനിന്ന്‌ മനോരഥനെന്ന്‌ പേരുള്ള കിടാവോടുകൂടി സുരഭീദേവിയെ അനായാസം സൃഷ്ടിച്ചു. ജന്മമൃത്യുജരാദികളെ അകറ്റുന്ന അമൃതിനേക്കാള്‍ ഉത്കൃഷ്ടഗുണങ്ങളുള്ള അവളുടെ ക്ഷീരത്തെ ഭഗവാന്റെ ശ്രീദാമാവ്‌ എന്ന തോഴന്‍ കറന്നെടുത്ത്‌ ഭഗവാന്‌ നല്‍കി. ഭഗവാന്റെ കൈയില്‍ നിന്നും താഴെ വീണ പാല്‍ പാത്രത്തില്‍ നിന്നും ഒരു ക്ഷീരതടാകം തന്നെ ഉണ്ടായി. നൂറുയോജന നീളവും വീതിയുമുള്ള ആ ക്ഷീരസരസ്സില്‍ അവര്‍ ക്രീഡിച്ചു. ഈശ്വരേശ്ചയാ അത്‌ വിലപ്പെട്ട രത്നങ്ങള്‍ നിറഞ്ഞതായി. പെട്ടെന്ന്‌ ഗോപന്മാരുടെ എണ്ണത്തിനനുസരിച്ച്‌ ലക്ഷം കോടി കാമധേനുക്കള്‍ സുരഭീദേവിയുടെ രോമകൂപങ്ങളില്‍ നിന്നും ആവിര്‍ഭിച്ചു. ഗോക്കളുടെ ഉത്ഭവം അപ്രകാരമെന്ന്‌ പറയപ്പെടുന്നു. ഭഗവാന്‍ തന്നെ കാമധേനുവിനെ പൂജിച്ചു. ഓം സുരഭ്യൈ നമഃ എന്ന മൂലമന്ത്രത്താല്‍ പൂജിക്കുന്നവര്‍ക്ക്‌ സര്‍വകാമപ്രദമായി വര്‍ത്തിക്കപ്പെടുന്നു. വരാഹകല്‍പത്തില്‍ വിഷ്ണുമായയാല്‍ ക്ഷീരം മുഴുവന്‍ അപഹരിക്കപ്പെട്ടപ്പോള്‍ ബ്രഹ്മദേവന്റെ ആജ്ഞയാല്‍ ദേവേന്ദ്രന്‍ സുരഭിയെ സ്തുതിച്ചത്‌ ഇപ്രകാരമാണ്‌.

“നമോ ദേവ്യൈ മഹാദേവ്യൈ സുരഭ്യൈചനമോ നമഃ

ഗവാം ബീജ സ്വരൂപായൈ നമസ്തേ ജഗദംബികേ

നമോ രാധാപ്രിയായൈച പത്മാശായൈ നമോ നമഃ

നമഃ കൃഷ്ണപ്രിയായൈച ഗവാംമാത്രേ നമോ നമഃ

കല്‍പവൃക്ഷ സ്വരൂപായൈ സര്‍വ്വഷാംസതതംപരേ

ക്ഷീരദായൈ ധനാദായൈ ബുദ്ധിദായൈനമോനമഃ

യശോദായൈ കീര്‍ത്തിദായൈ ധര്‍മ്മദായൈ നമോനമഃ”

ഈ സ്തോത്രത്താല്‍ ആ ജഗജ്ജനനി സന്തുഷ്ടയും ദയാവതിയുമായി. ദേവേന്ദ്രന്റെ ദുഃഖമകറ്റിയ ഈ സ്തോത്ര ജപത്താല്‍ ഗോക്കള്‍, സമ്പത്ത്‌, കീര്‍ത്തി പുത്ര പൗത്രാദികള്‍ അവസാനം കൃഷ്ണലോക പ്രാപ്തി ഇവ അനുഭവവേദ്യമാകുമെന്ന്‌ ദേവീഭാഗവതത്തില്‍ വിസ്തരിച്ചരുളി ചെയ്യുന്നു.

– ഇ.പാര്‍വ്വതി അമ്മ

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by