കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മഞ്ഞിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 47 കവിഞ്ഞു. ഇരുന്നൂറോളം ആളുകളെ കാണാതായിട്ടുണ്ട്. മരണസംഖ്യ വര്‍ധിക്കുമെന്നാണ് സൂചന. ഞായറാഴ്ച രാത്രിയിലാണു വടക്കുകിഴക്കന്‍ അഫ്ഗാനിലെ ദാസ്തി ഗ്രാമത്തില്‍ മഞ്ഞിടിച്ചിലുണ്ടായത്.
നിരവധി വീടുകള്‍ മഞ്ഞിനടിയിലായി. വീടുകള്‍ക്കുള്ളില്‍ കാണാതായവരില്‍ ചിലരെങ്കിലും ജീവനോടെ ഉണ്ടാകാന്‍ സാധ്യതയുള്ളതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അയല്‍ ഗ്രാമങ്ങളിലെ ആളുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. ദാസ്തി ഗ്രാമം മുഴുവനായും മഞ്ഞുമൂടിക്കിടക്കുകയാണ്.
ഷവലുകള്‍ ഉപയോഗിച്ചു മഞ്ഞുകട്ടകള്‍ മാറ്റാന്‍ ശ്രമിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. മറ്റു രക്ഷാപ്രവര്‍ത്തന ഉപകരങ്ങള്‍ സ്ഥലത്തെത്തിക്കാനായിട്ടില്ല. അതിദുരന്തം വിതയ്ക്കുന്ന മഞ്ഞിടിച്ചിലുകള്‍ അഫ്ഗാനില്‍ പതിവാണ്. 2010 ഫെബ്രുവരിയില്‍ ഹിന്ദുകുഷ് മേഖലയിലെ സലാങ് പാസിലുണ്ടായ മഞ്ഞിടിച്ചിലില്‍ 170 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: