ആലുവ: എടത്തല മറ്റപ്പിള്ളി വീരഭദ്രകാളി ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. തിരുവാഭരണം ഉള്‍പ്പടെ പത്തുപവന്തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയി. എടത്തല പഞ്ചായത്ത് ഓഫീസിനു സമീപം എടത്തല മറ്റപ്പിള്ളി വീരഭദ്രകാളിക്ഷേത്രത്തിലെ ശ്രീകോവിലിന്റെ താഴ് തകര്‍ത്തും ഭണ്ഡാരങ്ങളും കുത്തിതുറന്നുമാണ് മോഷണം നടത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ മേല്‍ശാന്തി നടതുറക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രത്തിന്റെ മുഴുവന്‍ ഭണ്ഡാരങ്ങളും പൂട്ടുപൊളിച്ച നിലയിലും ശ്രീകോവിലിന്റെ പൂട്ടും ഓഫീസും വാതിലുകളും കമ്പിപര ഉപയോഗിച്ച് തകര്‍ത്ത നിലയിലായിരുന്നു. രാത്രിയില്‍ തൊട്ടടുത്ത പാര്‍ക്കുചെയ്തിരുന്ന ലോറിയില്‍ നിന്ന് ജാക്കിലിവറും കമ്പിപാരയും ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ചനിലയിലായിരുന്നു. ക്ഷേത്രത്തിലെയും ഉപദേവതാ ക്ഷേത്രങ്ങളിലെയും റോഡരികിലെയും ഭണ്ഡാരങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ആലുവ സിഐ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധനനടത്തി.
എടത്തല പ്രദേശത്ത് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് പട്രോളിംങ്ങ് ശക്തമാക്കണമെന്നും എടത്തല ക്ഷേത്ര ഏകോപനസമിതി ആവശ്യപ്പെട്ടു. ഓരോ ക്ഷേത്രത്തിനു സമീപം പട്രോളിംഗ് സംഘമെത്തിയെന്നുറപ്പുവരുത്താന് പഞ്ചിംഗ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ഇതുവരെയും അതുണ്ടായിട്ടില്ലയെന്ന് ക്ഷേത്ര ഏകോപനസമിതി കണ്‍വീനര്‍ ബൈജ്യു ബാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: