മാലി: മാലിദ്വീപിന്റെ അടുത്ത സഖ്യരാജ്യമെന്ന നിലയ്ക്ക് രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കേണ്ടതും നിലനിര്‍ത്തേണ്ടതുമായ ധാര്‍മിക ബാധ്യത ഇന്ത്യയ്ക്കുണ്ടെന്ന് മാലി ആഭ്യന്തര മന്ത്രി മുഹമ്മദ് ജമീല്‍ അഹമ്മദ് പറഞ്ഞു. മാലിദ്വീപിലെ ജനാധിപത്യം തകരുകയാണെങ്കില്‍ അത് ഇന്ത്യയ്ക്ക് കൂടി ആഘാതമായിരിക്കും.
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മാലിദ്വീപിലെ രാഷ്ട്രീയ പ്രശ്നം പരിഹരിക്കുന്നതില്‍ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച് പ്രതീക്ഷയോടെ നോക്കുകയാണ്. താനും തന്റെ സഖ്യകക്ഷികളും മാലിദ്വീപിലെ ജനാധിപത്യം നിലനിര്‍ത്തുന്നതില്‍ ഇന്ത്യ ഇടപെടുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ജമീല്‍ അഹമ്മദ് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ വിദേശ കാര്യ സെക്രട്ടറി രഞ്ചന്‍ മത്തായി വഹിച്ച പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. മുഹമ്മദ് നഷീദ് അധികാരത്തില്‍നിന്നും പുറത്തായതിനുശേഷം രഞ്ചന്‍ മത്തായി രണ്ടുതവണ മാലിദ്വീപ് സന്ദര്‍ശിച്ചിരുന്നു. മാലിദ്വീപിലെ പ്രശ്നങ്ങള്‍ സുഗമമായി പരിഹരിക്കുക മാത്രമാണ് ഇന്ത്യയുടെ ഭാഗമെന്ന് രഞ്ചന്‍ മത്തായി പറഞ്ഞിരുന്നു. ഇന്ത്യ മാലിദ്വീപിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നുവെന്ന് താന്‍ പറയുന്നില്ലെന്ന് ജമീല്‍ അഹമ്മദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: