വാഷിംഗ്ടണ്‍: സ്വയം പ്രതിരോധിക്കുവാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനില്‍ നിന്നുള്ള ആണവ ഭീഷണിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സുരക്ഷ വച്ച് ചൂതാട്ടം നടത്താന്‍ തയ്യാറല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആയിരക്കണക്കിന് അമേരിക്കക്കാരായ ജൂത അനുകൂലികളെ അഭിസംബോധന ചെയ്യവെ ആവശ്യമെങ്കില്‍ ഇറാനെ ആക്രമിക്കാനും മടിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു. സൈനിക ശക്തി ഉപയോഗിക്കുന്നതിന് മുമ്പ് നയതന്ത്രപരമായി ഇടപെടണമെന്നും ഇറാന് സാവകാശം കൊടുക്കണമെന്നും കഴിഞ്ഞ ദിവസം ബരാക് ഒബാമ പറഞ്ഞിരുന്നു.
നയതന്ത്ര ഇടപെടലിന് ഇസ്രയേല്‍ കാത്തിരിക്കുകയാണെന്നും എന്നാല്‍ സമയം അതിക്രമിച്ചിരിക്കുകയാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. അമേരിക്ക ഇസ്രയേല്‍ പബ്ലിക് കമ്മറ്റിക്ക് മുമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ കാത്തിരിക്കുന്നത് ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ല. ഭയപ്പാടിെന്റ നിഴലില്‍ ജീവിക്കാന്‍ എന്റെ ജനതയെ ഞാന്‍ അനുവദിക്കില്ലെന്നും ആവേശഭരിതരായ ജനക്കൂട്ടത്തെ നോക്കിക്കൊണ്ട് നെതന്യാഹു പറഞ്ഞു.
വൈദ്യുതിയുടെയും മെഡിക്കല്‍ ഐസോടോപ്പിന്റെയും ഉല്പാദനത്തിനാണ് ആണവപദ്ധതി നടപ്പിലാക്കുന്നതെന്ന ഇറാന്റെ വാദം അമേരിക്കയും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളും തള്ളിക്കളഞ്ഞതുപോലെതന്നെയാണ് ഇസ്രയേലിന്റെ സമീപനം.
ആണവായുധങ്ങളുടെ നിര്‍മാണപ്രവര്‍ത്തനം ഇറാന് മറച്ചുവെക്കുകയാണെന്ന വാദം ഗൗരവത്തോടെയെടുക്കുമെന്ന് യുഎന്‍ ന്യൂക്ലിയര്‍ ഏജന്‍സി തലവന്‍ പറഞ്ഞു. ഇറാനെ ആക്രമിക്കുന്നത് ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്ന വാദത്തെ ഇസ്രയേല്‍ നേതാവ് തള്ളിക്കളഞ്ഞു. ജര്‍മന്‍കാരെ കൂടുതല്‍ ആക്രമണത്തിന് പ്രേരിപ്പിക്കുമെന്നും അപ്രായോഗികമാവുമെന്നും പറഞ്ഞ് ഓഷ്വിറ്റ്സ് ക്യാമ്പില്‍ ബോംബാക്രമണം നടത്താനുള്ള ജൂത നേതാക്കന്മാരുടെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ 1944 ലെ യുഎസ് വാര് ഡിപ്പാര്‍ട്ടുമെന്റിന്റെ എഴുത്തിന്റെ പകര്‍പ്പ് നെതന്യാഹു ചൂണ്ടിക്കാട്ടി. 2012 എന്നത് 1944 അല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ജൂതന്മാര്ക്ക് പ്രത്യേക രാഷ്ട്രമുണ്ട്. ജൂതന്മാരുടെ ഭാവിയെ സംരക്ഷിക്കുകയാണ് നമ്മുടെ ലക്ഷ്യം. നിറഞ്ഞ കരഘോഷത്തോടെയാണ് നെതന്യാഹുവിന്റെ പ്രസംഗത്തെ പതിമൂവായിരത്തോളം വരുന്ന സദസ്സ് എതിരേറ്റത്. അമേരിക്കയില്‍ ഇസ്രയേലിന് ലഭിക്കുന്ന അതിരറ്റ പിന്തുണയാണ് ഇത് വ്യക്തമാക്കുന്നത്.
ഇറാന് വിഷയം കൈകാര്യംചെയ്യുന്നതില്‍ ഇസ്രയേലും അമേരിക്കയും തമ്മിലുള്ള അകല്‍ച്ച വ്യക്തമാക്കുന്നതാണ് നെതന്യാഹുവിന്റെ പ്രസംഗം. ഇസ്രയേലിന്റെ പിറകില്‍ അമേരിക്കയുടെ സഹായം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച ഒബാമ ഇറാന് പ്രശ്നം നയതന്ത്രതലത്തില്‍ പരിഹരിക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞു. ഇസ്രയേലിന്റെ വിധി നിശ്ചയിക്കുന്നത് ഇസ്രയേല്തന്നെയാണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഒരു അണുവായുധം നിര്‍മിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ് ഇറാനെന്നും അതിന് മുമ്പെ അവരെ തടയണമെന്നുമാണ് ഇസ്രയേലിന്റെ വാദം.
ഇറാനെ ആക്രമിക്കണമെന്ന ഇസ്രയേലിന്റെ താല്പര്യം അപകടകരവും അപക്വവുമാണെന്നാണ് അമേരിക്കന്‍ വാദം. കാരണം ആണവായുധം നിര്‍മിക്കണമെന്ന് ടെഹ്റാന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: