വാഴ്സോ: തെക്കന്‍ പോളണ്ടില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 14 പേര് കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സസ്കോസിനിക്ക് സമീപം വാഴ്സോ-ക്രോകോ പ്രധാനപാതയില്‍ പ്രാദേശിക സമയം രാത്രി ഒന്‍പതുമണിയോടെയാണ് അപകടമുണ്ടായത്. സിഗ്നല്‍ തകരാറുമൂലം പാളം മാറിയെത്തിയ ട്രെയിനാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റവരില്‍ നിരവധിപേരുടെ നില ഗുരുതരമാണ്. പാളം തെറ്റിയ ബോഗിക്കുള്ളില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്.
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. പ്രസ്മിസില്നിന്നും വാഴ്സോയിലേക്ക് പോവുകയായിരുന്ന ട്രെയിനും വാഴ്സോയില്നിന്ന് ക്രാകോയിലേക്ക് പോവുകയായിരുന്ന ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. ക്രാകോലേക്ക് പോവുകയായിരുന്ന ട്രെയിനാണ് പാളം മാറിയോടിയത്. കൂട്ടിയിടിയില്‍ മൂന്ന് ബോഗികള്‍ പൂര്‍ണമായും തകര്‍ന്നു.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തമാണ് ഇതെന്ന് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടാസ്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരില്‍ ഫ്രഞ്ച്, സ്പാനിഷ് പൗരന്മാരുണ്ടെന്നാണ് ചില റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
രണ്ട് ട്രെയിനുകളിലും ഏതാണ്ട് 350 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ട്രെയിന്‍ അപകടത്തിനു പിന്നിലെ പ്രധാന കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
450 അഗ്നിശമന സേനാംഗങ്ങളും 100 പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 1990 ല്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ 16 പേര് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അതിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് ഇത്.
1980 ല്‍ വടക്കന്‍ പട്ടണമായ ടോറനില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ 67 പേര് കൊല്ലപ്പെട്ടിരുന്നു. 62 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: