മട്ടാഞ്ചേരി: കൊച്ചിന് കോര്‍പ്പറേഷനിലെ മാലിന്യനീക്കത്തിന്റെ മറവില്‍ സ്വകാര്യ മേഖല വാഹനങ്ങള്‍ ലക്ഷങ്ങള്‍ നേടുന്നതായി ആരോപണം. കോര്പ്പറേഷന് വാഹനങ്ങള്‍ കട്ടപ്പുറത്ത് നിരത്തിയാണ് സ്വകാര്യ വാഹനങ്ങള്‍ മാലിന്യനീക്കത്തിനായി വാടകയ്ക്കെടുക്കുന്നത്. കോടികളാണ് ഇതിലൂടെ നഗരസഭക്ക് നഷ്ടപ്പെടുന്നതെന്നും ഇതിന് പിന്നില്‍ വന്‍ അഴിമതിയാണെന്നുമാണ് സാമൂഹ്യസംഘടനകളും രാഷ്ട്രീയക്കാരും ചൂണ്ടിക്കാട്ടുന്നത്.
കോര്‍പ്പറേഷനിലെ മാലിന്യശേഖരത്തിന് ഇടതുമുന്നണി ഭരണകാലത്ത് കോടികള്‍ ചെലവഴിച്ച് ഓട്ടോകളും, വന്‍ ലോറികളും വാങ്ങിയിരുന്നു. വാഹനങ്ങള്‍ വാങ്ങിയതിലൂടെ ലക്ഷങ്ങളുടെ അഴിമതി ആരോപണം അക്കാലത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍ കോര്പ്പറേഷന് ഭരണം ഐക്യമുന്നണി സംഘത്തിന്റെ കൈകളിലെത്തിയപ്പോള്‍ വാഹനങ്ങള്‍ കട്ടപ്പുറത്തിരുത്തിയാണ് ‘അഴിമതി’യെന്ന് ജനകീയ സംഘടനകള്‍ പറയുന്നു. കോര്‍പ്പറേഷനിലെ ഓരോ ഡിവിഷനും കേന്ദ്രീകരിച്ച് കുടുംബശ്രീ സംഘവുമായി കോര്‍ത്തിണക്കി മാലിന്യനീക്കത്തിന് 70ഓളം ഓട്ടോറിക്ഷകളും 28ഓളം കണ്ടെയ്നര്‍ ലോറികളുമാണ് വാങ്ങിയത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യനീക്കത്തിനായാണ് വാഹനസൗകര്യങ്ങളൊരുക്കിയത്. ഘട്ടംഘട്ടമായി ചെറിയ അറ്റകുറ്റപ്പണികളുടെയും കേടുപാടുകളുടെയും പേരില്‍ ഇവയെല്ലാം കോര്‍പ്പറേഷന്റെ വിവിധ സോണല്‍ ഓഫീസുകളില്‍ കട്ടപ്പുറത്ത് കേറ്റിയിട്ടിരിക്കുന്ന കാഴ്ചയാണിന്നുള്ളത്. പല വാഹനങ്ങളും തുരുമ്പെടുത്ത് നശിക്കുകയും ചെയ്യുകയാണ്. ഇതിന്റെ മറവിലാണ് മാലിന്യനീക്കത്തിന് സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നതിലൂടെ ലക്ഷങ്ങളുടെ അഴിമതിയെന്ന് ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേഷന്റെ വാഹനങ്ങള്‍ നന്നാക്കി മാലിന്യനീക്കം സുഗമമാക്കേണ്ട ഭരണകര്‍ത്താക്കള്‍ അതറിഞ്ഞതായി ഭാവിക്കുന്നില്ലെന്നും, ഇത് ചൂണ്ടിക്കാട്ടേണ്ട പ്രതിപക്ഷം മൗനത്തിലാണെന്നതും ജനങ്ങളില്‍ സംശയങ്ങളുയര്‍ത്തുന്നുണ്ട്. സംസ്ഥാനത്തെ ഇതര കോര്‍പ്പറേഷനുകളില്‍ മാലിന്യ സംഭരണവും സംസ്കരണവും വന്‍വിവാദമായി മാറുമ്പോള്‍ കൊച്ചി നഗരസഭയില്‍ മാലിന്യനീക്കം വന്‍ അഴിമതിക്ക് കളമൊരുക്കുകയാണെന്നും ലക്ഷങ്ങള്‍ പലരും കൈക്കൂലി വാങ്ങുകയാണെന്നും ജനകീയ സംഘടനകള്‍ പറയുന്നു. കോര്‍പ്പറേഷന്റെ പുതിയ ഭരണനേതൃത്വം നിഷ്ക്രിയമാണെന്നുള്ള ആരോപണങ്ങളുയരവേയാണ് മാലിന്യനീക്കത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ അഴിമതിയാരോപണവും ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: