അങ്കമാലി: നെടുമ്പാശ്ശേരി-അങ്കമാലി വിമാനത്താവളറോഡില്‍ നായത്തോട് പ്രവര്‍ത്തിക്കുന്ന അനധികൃത മണ്ണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം തടയണമെന്ന ആവശ്യം ശക്തമാകുന്നു. മെയിന്‍ റോഡിനോട് ചേര്‍ന്നാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം. പകല്‍ സമയങ്ങളില്‍ മണ്ണ് ഇവിടെ കൊണ്ടുവന്നിടുകയും രാത്രി വൈകി പാടശേഖരങ്ങള്‍ ഈ മണ്ണ് ഉപയോഗിച്ച് നികത്തിവരുന്നതാണ് ചെയ്യുന്നത്. നെടുമ്പാശ്ശേരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തിന്റെ പിന്തുണയോടെയാണ് ഈ സംഘം പാടശേഖരങ്ങള്‍ നികത്തുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
മണ്ണ് ലോബി ഉള്‍പ്പെടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിന്റെ സഹായം ഇവിടെ സജീവമാണെന്ന് ആക്ഷേപമുണ്ട്. പകല്‍ ഡ്യൂട്ടി സമയത്തുപോലും ഡ്യൂട്ടിയ്ക്ക് വരാതെ ചീട്ടുകളിയും മദ്യപാനവുമായി നടക്കുന്ന പോലീസുകാര്‍ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. പകലും രാത്രിയും മത്സരിച്ച് മണ്ണടിച്ച് പാടശേഖരങ്ങള്‍ നികത്തുന്നതുമൂലം ഈ പ്രദേശങ്ങളില്‍ പൊടിശല്യം രൂക്ഷമാണ്. വിമാനത്താവളത്തില്‍ വരുന്ന യാത്രക്കാര്‍ പൊടിശല്യം മൂലം ഈ വഴിയിലൂടെ യാത്ര ചെയ്യാന്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. നെടുമ്പാശ്ശേരി നായത്തോട് മേഖലകളിലെ പാടശേഖരങ്ങള്‍ നികത്തുന്നതിനായിട്ടാണ് ഈ മണ്ണ് ഉപയോഗിക്കുന്നതെന്ന് പറയപ്പെടുന്നു. ഇത് മൂലം ഈ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. പകല്‍ സമയത്ത് പാടശേഖരങ്ങളില്‍ മണ്ണ് അടിച്ചാല്‍ ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരുമെന്നതിനാലാണ് ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മാഫിയാസംഘങ്ങളുടെ നേതൃത്വത്തില്‍ മണ്ണ്പാര്ക്കില് മണ്ണ് സൂക്ഷിച്ച് രാത്രി കാലങ്ങളില്‍ പാടശേഖരങ്ങള്‍ നികത്തുന്ന പുതിയ തന്ത്രം ഉപയോഗിക്കുന്നത്. രാഷ്ട്രീയ, റവന്യൂ, പോലീസ് ഉദ്യോഗസ്ഥന്മാരുടെ മൗനാനുവാദം ഇതിന് ഉണ്ടെന്ന് പറയപ്പെടുന്നു. ഗുണ്ടാസംഘങ്ങളെ പേടിച്ച് നാട്ടുകാര്‍ സമരം നടത്തുവാന്‍ ഭയപ്പെടുന്നു.
നാട്ടുകാര്‍ മണ്ണ് പാര്‍ക്കിന്റെ പ്രവര്‍ത്തനവും പാടശേഖരം നികത്തുന്ന പ്രവര്‍ത്തനവും തടയണമെന്നാവശ്യപ്പെടുകൊണ്ട് ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് നല്കിയ റിപ്പോര്‍ട്ടില്‍ ഈ പാര്‍ക്കിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്നും ഈ കൂട്ടര് പാടശേഖരം നികത്തുന്നുണ്ടെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാര്‍ക്കിന്റെയും മണ്ണ് മാഫിയയുടെയും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് നെടുമ്പാശ്ശേരി പോലീസിന് പരാതി നല്‍കിയിട്ടും ഇതുവരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ല. വന്‍തുക പോലീസിന് നല്‍കിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് മൂലം ഞങ്ങള്‍ക്ക് എതിരെ നടപടികള്‍ ഉണ്ടാവുകയില്ലെന്നുമാണ് മണ്ണ് മാഫിയയുടെ വാദം. മണ്ണ് പാര്‍ക്ക് അനധികൃതമാണെന്ന് കാണിച്ച് നഗരസഭാ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെയും നടപടികള്‍ ഉണ്ടായിട്ടില്ല. പരീക്ഷക്കാലമായ ഈ സമയങ്ങളില്‍ രാത്രി കാലങ്ങളില്പോലും ടിപ്പര്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് സ്വസ്ഥമായി പഠിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്. മണ്ണ് പാര്‍ക്ക് സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെയും ഓഫീസുകളിലേയ്ക്കും വീടുകളിലേയ്ക്കും പ്രത്യക്ഷ സമരനടപടികളുമായി മുന്നോട്ടു പോകുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: